ഹാദിയ കേസില്‍ കോടതിയുടെ ഭാഗത്ത് നിന്ന് തെറ്റുകളുണ്ടായിട്ടുണ്ടെന്ന് കെ സച്ചിദാനന്ദന്‍
ഹാദിയ പൗരവാകാശങ്ങളുടെ നിലവിളി എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംഘടിപ്പിച്ച സംഗമത്തില്‍ സംസാരിക്കുകയായിരുന്നു സച്ചിദാനന്ദന്‍...
വിവാഹം അസാധുവാക്കിയതുള്‍പ്പെടെ ഹാദിയ കേസില്‍ കോടതിയുടെ ഭാഗത്ത് നിന്ന് തെറ്റുകളുണ്ടായിട്ടുണ്ടെന്ന് കെ സച്ചിദാനന്ദന്‍. ഹാദിയയെ കേള്‍ക്കാന്‍ കോടതി എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പിയും ചോദിച്ചു. ഹാദിയ പൗരവാകാശങ്ങളുടെ നിലവിളി എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംഘടിപ്പിച്ച സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം നടത്തിയ വിവാഹത്തെ കോടതി അസാധുവാക്കിയത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സച്ചിദാനന്ദന്‍ ചോദിച്ചു. സ്ത്രീവിരോധവും ഇസ്ലാം വിരോധവും കലര്‍ന്ന മുന്‍വിധിയാണ് ഈ കേസില്‍ കോടതിക്കുണ്ടായിരുന്നത്. കുടുംബങ്ങള്‍ക്കുള്ളിലെ ഹിംസയും ഹാദിയയുടെ വിഷയത്തില്‍ പ്രതിസ്ഥാനത്താണെന്നും സച്ചിദാന്ദന്‍ കൂട്ടിചേര്‍ത്തു. ഹാദിയ സംസാരിക്കുന്നതിനെ തടസപെടുത്തുന്നതെന്തിനാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത ഇ ടി മുഹമ്മദ് ബഷീര്‍ എം പി ചോദിച്ചു.
ജനാധിപത്യത്തെയും മതേതരത്വത്തെയും കോടതിയെയും ഫാസിസം ഉപയോഗിക്കുന്നുവെന്ന തെറ്റായ സൂചനയാണ് ഹാദിയ കേസ് നല്‍കുന്നതെന്ന് എഴുത്തുകാരന്‍ ബി രാജീവന്‍ പറഞ്ഞു. സിപി ജോണ്‍, ഭാസുരേന്ദ്ര ബാബു, കെ ബാബുരാജ് എന്നവരുള്‍പ്പെടെ സാമൂഹിക സംസ്‌കാരിക രംഗത്തെ നിരവധി പേര്‍ തിരുവനന്തപുരം പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച ബഹുജന സംഗമത്തില്‍ പങ്കെടുത്തു.