വേങ്ങരയില്‍ പ്രചരണം സജീവമാക്കാനൊരുങ്ങി യൂത്ത് ലീഗ്
തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് യൂത്ത് ലീഗ് സജീവമാകാത്തത് ചര്‍ച്ചയായ സാഹചര്യത്തിലാണ് നടപടി
വേങ്ങര മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനം സജീവമാക്കാന്‍ യൂത്ത് ലീഗിന്റെ തീരുമാനം. മുസ്ലീം ലീഗ് നേതൃത്വത്തിന്റെ ആവശ്യപ്രകാരം യൂത്ത് ലീഗ് വേങ്ങരയില്‍ പ്രചാരണ പരിപാടികള്‍ ആവിഷ്കരിക്കാന്‍ നേതൃയോഗം വിളിച്ചു ചേര്‍ത്തു. തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് യൂത്ത് ലീഗ് സജീവമാകാത്തത് ചര്‍ച്ചയായ സാഹചര്യത്തിലാണ് നടപടി.
വേങ്ങരയില്‍ പികെ ഫിറോസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം നിരസിക്കപ്പെട്ടത് യൂത്ത് ലീഗിനെ നിരാശയിലാക്കിയിരുന്നു. യുഡിഎഫിന്റെ പ്രചാരണ യോഗങ്ങളില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരെ കാണാത്ത അവസ്ഥയിലേക്കെത്തി ഈ അതൃപ്തി. ഈ സാഹചര്യത്തിലായിരുന്നു ലീഗ് നേതൃത്വത്തിന്റെ ഇടപെടല്‍.മണ്ഡലത്തില്‍ സജീവമാകണമെന്ന ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് പി.കെ ഫിറോസ് അടക്കമുള്ള യൂത്ത് ലീഗ് നേതാക്കള്‍ വേങ്ങരയിലെത്തി.തുടര്‍ന്ന് നേതൃയോഗവും വിളിച്ചു ചേര്‍ത്തു.
യൂത്ത് കോണ്‍ഗ്രസുമായി ചേര്‍ന്ന് യുവജന റാലി സംഘടിപ്പിക്കാനാണ് യൂത്ത് ലീഗിന്റെ തീരുമാനം. വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ച് സെല്‍ഫി വിത്ത് കാന്‍റിഡേറ്റ് എന്ന പരിപാടിയും സംഘടിപ്പിക്കും.യൂത്ത് ലീഗിന്റെ ബൂത്ത് തല യോഗങ്ങളും വിളിച്ച് ചേര്‍ത്തിട്ടുണ്ട്.