മറക്കില്ല മലയാളമുള്ളിടത്തോളം കാലം, ആ കവിതകളും പാട്ടുകളും
ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെ ഫാസിസം വാളെടുക്കുമ്പോള്‍ ഒഎന്‍വിയുടെ അസാന്നിധ്യമുണ്ടാക്കുന്ന വിടവ് ഏറെയാണ്
മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പ് വിടവാങ്ങിയിട്ട് രണ്ട് വര്‍ഷം. സാംസ്കാരിക മണ്ഡലത്തിലും ഫാസിസം കടന്നുകയറുമ്പോള്‍ ഒഎന്‍വിയെന്ന ത്രയാക്ഷരത്തിന്റെ അസാന്നിധ്യമുണ്ടാക്കുന്ന വിടവ് ഏറെയാണ്.
ഒഎന്‍വിയെന്ന കാവ്യമുത്തച്ഛന്‍ ഇന്ദീവരത്തിന്റെ പൂമുഖത്ത് നിന്ന് മറഞ്ഞിട്ട് രണ്ട് വര്‍ഷം.. എങ്കിലും പേരക്കുട്ടി അപര്‍ണക്കും കുടുംബാംഗങ്ങള്‍ക്കും ആ നിശബ്ദ സാന്നിധ്യം ഇന്നും അനുഭവപ്പെടുന്നുണ്ട്. ഗായികയായ അപര്‍ണക്ക് മുത്തച്ഛന്റെ വരികളെല്ലാം പ്രിയപ്പെട്ടതാണ്. പ്രകൃതിയുടെയും മണ്ണിന്റെയും ജീവാംശമുള്ള ആ ഭാഷാ സൌന്ദര്യം മലയാളിയുടെ അഭിമാനമാണ്. ഉപ്പ്, ഉജ്ജയിനി, ദാഹിക്കുന്ന പാനപാത്രം, ഭൂമിക്കൊരു ചരമഗീതം എന്നിങ്ങനെ നാല്‍പതിലേറെ കവിതാ സമാഹാരങ്ങള്‍.. ഒപ്പം മലയാളി ഇന്നും മൂളുന്ന നൂറു കണക്കിന് ചലച്ചിത്ര - നാടക ഗാനങ്ങള്‍.
ജ്ഞാനപീഠം ഉള്‍പ്പെടെ ആ കാവ്യസപര്യക്ക് ലഭിച്ച പുരസ്കാരങ്ങള്‍ ഏറെയാണ്. സാംസ്കാരിക പ്രതിരോധത്തിന്റെ ശബ്ദം കൂടിയായിരുന്നു ഒഎന്‍വി. ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെ ഫാസിസം വാളെടുക്കുമ്പോള്‍ ഒഎന്‍വിയുടെ അസാന്നിധ്യമുണ്ടാക്കുന്ന വിടവ് ഏറെയാണ്. 2016 ഫെബ്രുവരി 13ന് വൈകുന്നേരമാണ് മലയാളത്തിന്റെ ശബ്ദം നിലച്ചത്. എങ്കിലും മലയാളമുള്ളിടത്തോളം ആ വരികള്‍ക്ക് മരണമുണ്ടാകില്ല.