പ്രവര്‍ത്തിക്കുന്ന സ്കൂള്‍ മറച്ചുവെച്ച് പെരുമ്പാവൂരില്‍ പുതിയ സ്ക്കൂളിന് നീക്കം
സ്വകാര്യവിദ്യാഭ്യാസലോബിയെ സഹായിക്കാനെന്ന് ആക്ഷേപം. പരാതിയുമായി പ്രദേശത്ത് സര്‍ക്കാര്‍ സ്ക്കൂള്‍ പിടിഎ
വിദ്യാലയങ്ങളില്ലാത്ത പ്രദേശമാണെന്ന് കാണിച്ച് പെരുമ്പാവൂരിലെ വളയംചിറങ്ങരയില്‍ പുതിയ സ്ക്കൂളിന് അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിഷേധം. ജില്ലയില്‍ തന്നെ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ക്കൂള്‍ ഉള്‍പ്പടെയുള്ളവ വളയംചിറങ്ങരയില്‍ ഉണ്ടെന്നത് മറച്ചുവെച്ചാണ് പുതിയ സ്ക്കൂളിന് അനുമതി നല്‍കാന്‍ തിരഞ്ഞെടുപ്പ് കാലയളവില്‍ ഉത്തരവും വിജ്ഞാപനമിറിക്കിയത്. 62 ഇടങ്ങളില്‍ പുതിയ സ്ക്കൂള്‍ തുടങ്ങുന്നതിനായാണ് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കാലത്ത് ഉത്തരവിറക്കിയത്.
ഇതാണ് വളയംചിറങ്ങരയിലെ സര്‍ക്കാര്‍ എല്‍പി സ്ക്കൂള്‍. പ്രീപ്രൈമറി മുതല്‍ നാലാം ക്ലാസുവരെ ഇവിടെ പഠിക്കുന്ന 616 കുട്ടികള്‍. ഈ വര്‍ഷം മാത്രം പുതുതായി ചേര്‍ന്നത് 132 പേര്‍. തൊട്ടടുത്തായി അണ്‍ എയിഡ് സ്ക്കൂളുകള്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഈ സര്‍ക്കാര്‍ സ്ക്കൂളിന്റെ നേട്ടം.
എന്നാല്‍ നമ്മുടെ സര്‍ക്കാരിന്റെ കണ്ണില്‍ ഈ പ്രദേശത്ത് ഒരു സ്ക്കൂളില്ല. അതിനാല്‍ പുതിയ സ്ക്കൂളിന് അനുമതി നല്‍കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഇതിനെതിരെ പരാതിയുണ്ടെങ്കില്‍ പണം അടക്കേണ്ട ട്രെഷറി അക്കൌണ്ട് നമ്പര്‍ പോലും തെറ്റ്.
ഇതിനുപുറമെ നല്ലരീതിയില്‍ സര്‍ക്കാര്‍ സ്ക്കൂളുകള്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ അകനാട്, കടയിപ്പ് തുടങ്ങിയ സ്ഥലങ്ങളും സര്‍ക്കാരിന്റെ പട്ടികയിലുണ്ട്. സ്വകാര്യ വിദ്യാഭ്യാസലോബിക്കുവേണ്ടിയാണ് കഴിഞ്ഞസര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം.