പോരാട്ടം നേതാവ് ഷാന്റോ ലാല്‍ അറസ്റ്റില്‍
നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തെന്ന കേസിലായിരുന്നു അറസ്റ്റ്
പോരാട്ടം സംഘടനയുടെ സംസ്ഥാന കണ്‍വീനര്‍ ഷാന്റോ ലാലിനെ യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തെന്ന കേസിലായിരുന്നു അറസ്റ്റ്. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയപ്പോഴാണ് പൊലീസ് നാടകീയമായി ഷാന്റോ ലാലിനെ അറസ്റ്റ് ചെയ്തത്.
കോഴിക്കോട് പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ ഗ്രോ വാസുവിനും അഡ്വക്കറ്റ് പി എ പൌരനുമൊപ്പം എത്തിയതായിരുന്നു പോരാട്ടം സംസ്ഥാന കണ്‍വീനറായ ഷാന്റോ ലാല്‍. ഈ സമയത്താണ് കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം നാടകീയമായി ഷാന്റോയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഷാന്റോ ലാലും കൂട്ടരും തൃശൂരില്‍ പോസ്റ്ററൊട്ടിച്ചെന്നാണ് പോലീസ് കേസ്. ഇതുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനം നടത്താനാണ് ഇവര്‍ പ്രസ് ക്ലബിലെത്തിയത്. യുഎപിഎ 39 ആം വകുപ്പ് , രാജ്യദ്രോഹക്കുറ്റം എന്നിവയാണ് ഷാന്റോ ലാലിനെതിരെ ചുമത്തിയിരിക്കുന്നത്.
ഈ കേസില്‍ എട്ട് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആറു പേര്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും രണ്ട് പേര് ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. ഷാന്റോ ലാലിനെ അറസ്റ്റ് ചെയ്തതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പോരാട്ടം പ്രവര്‍ത്തകര്‍ അറിയിച്ചു.