നെല്ല് സംഭരണത്തിലെ പ്രതിസന്ധിക്ക് പരിഹാരം
നെല്ല് കുത്തി അരിയാക്കി നല്‍കുമ്പോള്‍ മില്ലുകള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ നടപടി സ്വീകരിക്കാമെന്ന് സര്‍ക്കാര്‍ മില്ലുടമകള്‍ക്ക് ഉറപ്പുനല്‍കി
നെല്ല് സംഭരണത്തിലെ പ്രതിസന്ധിയില്‍ മന്ത്രിതല ചര്‍ച്ചയില്‍ പരിഹാരമായി. നെല്ല് കുത്തി അരിയാക്കി നല്‍കുമ്പോള്‍ മില്ലുകള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ നടപടി സ്വീകരിക്കാമെന്ന് സര്‍ക്കാര്‍ മില്ലുടമകള്‍ക്ക് ഉറപ്പുനല്‍കി. എന്നാല്‍ തിരിച്ചെടുക്കുന്ന അരിയുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ പരിശോധന കര്‍ശനമാക്കുമെന്ന നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
100 കിലോ നെല്ല് സംഭരിക്കുമ്പോള്‍ 68 കിലോ അരി തിരിച്ചുനല്‍കണമെന്നാണ് നിലവിലെ വ്യവസ്ഥ. എന്നാല്‍ കേരളത്തിലെ നെല്ലിന് 64 കിലോ അരി മാത്രമെ ലഭിക്കൂവെന്നും നഷ്ടം നികത്താന്‍ തയ്യാറാകുന്നതുവരെ നെല്ല് സംഭരിക്കില്ലെന്നും മില്ലുടമകള്‍ നിലപാടെടുത്തതാണ് പ്രതിസന്ധിക്ക് കാരണം. സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയും ക്വിന്റലിന് 64.8 കിലോ അരിയേ കിട്ടുകയുള്ളൂവെന്ന് റിപ്പോര്‍ട്ട് നല്‍കിയതോടെ സര്‍ക്കാര്‍ അയഞ്ഞു. അരിയില്‍ വരുന്ന കുറവു പൊതുവിതരണ സംവിധാനത്തെ ബാധിക്കുമെന്നതിനാല്‍ മന്ത്രിസഭയില്‍ അന്തിമ തീരുമാനമെടുക്കാനാണ് ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായത്. കേന്ദ്ര സര്‍ക്കാറുമായും കൂടിയാലോചന നടത്തും.
ഗുണമേന്മയുള്ള അരി തിരികെക്കിട്ടുന്നത് ഉറപ്പാക്കാന്‍ കൂടുതല്‍ ലാബുകള്‍ തുറക്കും. കര്‍ഷകര്‍ക്ക് കയറ്റ് കൂലി വര്‍ധിപ്പിക്കുന്നതുള്‍പ്പെടെ കമ്മിറ്റിയുടെ മറ്റ് ശിപാര്‍ശകളും നടപ്പിലാക്കും. സര്‍ക്കാര്‍ ഉറപ്പിന്റെ പശ്ചാത്തലത്തില്‍ നെല്ല് സംഭരണം തുടങ്ങാന്‍ മില്ലുടമകളും സമ്മതിച്ചിട്ടുണ്ട്. കൃഷി മന്ത്രി വി എസ് സുനില്‍കുമാറും യോഗത്തില്‍ പങ്കെടുത്തു.