ഭയപ്പെടുത്തുന്ന തുറന്നുപറച്ചിലുകളുടെ മീ ടു ക്യാമ്പയിന്‍
സോഷ്യൽ മീഡിയയിൽ വ്യാപകമായ 'മീ റ്റൂ' ക്യാമ്പയിൻ തുടക്കം കുറിച്ചത് പ്രശസ്ത ഹോളിവുഡ് നായികയും സാമൂഹ്യ പ്രവർത്തകയുമായ അലൈസ മിലാനോയാണ്
ഇരുട്ടിന്റെ മറവില്‍, വീട്ടകങ്ങളില്‍, നഗരവീഥികളില്‍, മറവിലും വെളിച്ചത്തും അവരുടെ കുഞ്ഞു ശരീരമേറ്റ മുറിപ്പാടുകളെ സധൈര്യം തുറന്നു പറയുകയാണ് സ്ത്രീ സമൂഹം. മീ ടു ക്യാമ്പയിന്‍ എന്ന ഹാഷ് ടാഗ് സോഷ്യല്‍ മീഡിയയിലൂടെ ഭയപ്പെടുത്തുന്ന വെളിപ്പെടുത്തലുകള്‍ക്ക് കാരണമാവുകയാണ്. ചിലത് വായിക്കുമ്പോള്‍ നെഞ്ചകം വല്ലാതെ പിടയ്ക്കും. ഒന്നുമറിയാത്ത പ്രായത്തില്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായ കുഞ്ഞുപൂക്കളെയോര്‍ത്ത് കണ്ണുകള്‍ ഇറുക്കിയടച്ചു പോകും. അത്രയധികം നോവിക്കുന്നതും പേടിപ്പെടുത്തുന്നതുമാണ് മീ ടു ക്യാമ്പയിനിലൂടെയുള്ള തുറന്നുപറച്ചിലുകള്‍. എപ്പോഴെങ്കിലും അതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെട്ട സ്ത്രീകളോട് നിങ്ങള്‍ ഒറ്റയ്ക്കല്ല എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് മീ ടു ക്യാമ്പയിന്‍.
സോഷ്യൽ മീഡിയയിൽ വ്യാപകമായ 'മീ റ്റൂ' ക്യാമ്പയിൻ തുടക്കം കുറിച്ചത് പ്രശസ്ത ഹോളിവുഡ് നായികയും സാമൂഹ്യ പ്രവർത്തകയുമായ അലൈസ മിലാനോയാണ്. ജീവിതത്തിൽ ഏതെങ്കിലും കാഘട്ടത്തിൽ ലൈംഗികാതിക്രമത്തിന് വിധേയരായവർ 'മി റ്റൂ' എന്ന് പ്രതികരിക്കണമെന്ന മിലാനോയുടെ അഭ്യർത്ഥന നിരവധിപേർ ഏറ്റടുത്തു. പിന്നീട് അത് വൈറലായി മാറുകയും ചെയ്തു. സെലിബ്രിറ്റികളും സാധാരണക്കാരുമെല്ലാം അതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പലരും തങ്ങള്‍ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് മുഖപുസ്തകത്തില്‍ കുറിച്ചു. പെണ്ണുങ്ങളെ നിങ്ങള്‍ ഒറ്റയ്ക്കല്ല എന്നും ഉറക്കെയുറക്കെ പറഞ്ഞു.
തന്റെ ശരീരത്തിന് നേരെ നീളുന്ന ചെറിയ നോട്ടങ്ങളെ പോലും പ്രതിരോധിച്ചാല്‍ കുറ്റാരോപിതയാകുന്ന പെണ്ണില്‍ നിന്നും നമ്മുടെ പെണ്ണുങ്ങള്‍ ഒരു പാട് മാറി എന്നു തെളിയിക്കുകയാണ് മീ ടു എന്ന ഹാഷ് ടാഗ്. മിണ്ടാതിരിക്കൂ.. നീയൊരു പെണ്ണല്ലേ എന്ന് പറയുന്നവരോട് പോടാ പുല്ലേ എന്ന മനോഭാവത്തോടെ പെണ്ണ് പഠിക്കേണ്ടിയിരിക്കുന്നു. അല്ല പഠിച്ചു തുടങ്ങിയിരിക്കുന്നു. സ്ത്രീകള്‍ അതിക്രമത്തിന് ഇരയാകുമ്പോഴെല്ലാം പലപ്പോഴും ഉയരുന്ന ഒരു ചോദ്യമുണ്ട്. അവള്‍ അങ്ങിനെ നടന്നിട്ടല്ലേ...അല്ലെങ്കില്‍ അവളുടെ ഭാഗത്തും തെറ്റുണ്ട് എന്ന മട്ടിലുള്ള പ്രതികരണങ്ങള്‍. ഏറ്റവും അവസാനം യുവനടി ആക്രമിച്ച സംഭവത്തില്‍ പോലും അതുയര്‍ന്നു കേട്ടു. പിസി ജോര്‍ജ്ജിനെപ്പോലുള്ള രാഷ്ട്രീയക്കാര്‍ പീഡനത്തിനിരയായെങ്കില്‍ പിന്നെങ്ങിനെ അവള്‍ പിറ്റേദിവസം ഷൂട്ടിംഗിന് പോയി എന്ന് പറഞ്ഞ് അവളെ വാക്കുകള്‍ കൊണ്ട് മാനഭംഗപ്പെടുത്തി. കുറ്റാരോപിതനായ നടനില്‍ നിന്നും അതേ രീതിയിലുള്ള സംസാരമുണ്ടായി. ഇന്ന് അവളുടെ ഭാഗത്ത് നില്‍ക്കാല്‍ വളരെ കുറച്ചു പേരെ ഉള്ളൂ. ബാക്കിയുള്ളവര്‍ മറുകണ്ടം ചാടി. എന്തു ചെയ്താലും സ്ത്രീ മിണ്ടാതെയിരിക്കണം എന്ന് വാദിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് മീ ടു ക്യാമ്പയിന്‍.
പെണ്ണുങ്ങളെ നിങ്ങള്‍ തുറന്നു പറയുക, അങ്ങിനെ താന്‍ ഒറ്റയ്ക്കല്ലെന്ന് ഓരോ പെണ്ണിനും തോന്നട്ടെ...