കാന്തപുരത്തിന്റെ എതിര്‍പ്പ് ഗുണം ചെയ്യുമെന്ന് ലീഗിന് പ്രതീക്ഷ

Update: 2018-05-24 11:51 GMT
Editor : admin
കാന്തപുരത്തിന്റെ എതിര്‍പ്പ് ഗുണം ചെയ്യുമെന്ന് ലീഗിന് പ്രതീക്ഷ
Advertising

മണ്ണാര്‍ക്കാട്ടെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പരസ്യ നിലപാടെടുത്തത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍

Full View

മണ്ണാര്‍ക്കാട്ടെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പരസ്യ നിലപാടെടുത്തത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പാര്‍ട്ടി അണികളെ കൂടുതല്‍ സജീവമാക്കാനും ഇ കെ വിഭാഗത്തിന്‍റെ പൂര്‍ണ പിന്തുണ ഉറപ്പാക്കാനും കാന്തപുരത്തിന്റെ എതിര്‍പ്പ് വഴിവെക്കുമെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. വഖഫ് ബോര്‍ഡിനെതിരെ എപി വിഭാഗം നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി മായിന്‍ ഹാജി പറഞ്ഞു.

ഇ കെ വിഭാഗത്തിന്റെ എതിര്‍പ്പ് അവഗണിച്ചും കാന്തപുരവുമായി മുസ്ലിം ലീഗ് ബന്ധം സൂക്ഷിച്ചത് തെരഞ്ഞെടുപ്പില്‍ സഹായിക്കുമെന്ന പ്രതീക്ഷയിലായിരുന്നു.
എന്നാല്‍ ഇടതുപക്ഷത്തെ പിന്തുണക്കാനാണ് എ പി വിഭാഗത്തിന്റെ രഹസ്യ തീരുമാനം. മണ്ണാര്‍ക്കാട്ടെ ലീഗ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കണമെന്ന് പരസ്യമായി കാന്തപുരം ആഹ്വാനം ചെയ്തു. ഒരു സീറ്റിലാണെങ്കിലും ലീഗിനെതിരെ കാന്തപുരം പരസ്യ നിലപാടെടുത്തത് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി നേതൃത്വം ഇപ്പോള്‍ കരുതുന്നത്.

പാര്‍ട്ടി അണികളില്‍ വിജയിക്കണമെന്ന വാശിയും ആവേശവുമുണ്ടാക്കാന്‍ കാന്തപുരത്തിന്റെ പരസ്യ നിലപാട് കാരണമാകുമെന്ന് നേതൃത്വം വിലയിരുത്തുന്നു. ഇ കെ വിഭാഗത്തിന്റെ വോട്ടുകള്‍ ലീഗില്‍ ഉറപ്പിച്ചുനിര്‍ത്താനും ഇത് സഹായകമാകും. കാന്തപുരത്തിന്റെ പരസ്യ ആഹ്വാനത്തെക്കുറിച്ച് പ്രതികരിക്കാന്‍ മുസ്ലിം ലീഗ് തയ്യാറല്ലെങ്കിലും വഖഫ്ബോര്‍ഡിനെതിരായ എ പി വിഭഗത്തിന്‍റെ സമരം രാഷ്ട്രീയ പ്രേരിതമാണെന്നാണ് പാര്‍ട്ടി നിലപാട്.

എന്നാല്‍ കാന്തപുരത്തിന്റെ പരസ്യ നിലപാട് ലീഗിലെ ഉന്നതനുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് കരുതുന്ന ഒരു വിഭാഗം സമസ്തയിലുണ്ട്. എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിന്‍റെ തെളിവാണ്.
വഖഫ് ബോര്‍ഡിനെതിരെയുള്ള എ പി വിഭാഗത്തിന്റെ സമരവും ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരായ പരസ്യ നിലപാടും പുതിയ അടവുനയത്തിന്റെ ഭാഗമാണെന്ന് പോസ്റ്റില്‍ പറയുന്നു. വഖഫ് ബോര്‍ഡിനെതിരെ ഇ കെ വിഭാഗവും സമരം പ്രഖ്യാപിച്ചത് ഈ സാഹചര്യത്തില്‍ വേണം വിലയിരുത്താന്‍. ഇകെ വിഭാഗത്തിന്റെ സമരം മാറ്റിവെക്കാന്‍ മുസ്ലിം ലീഗ് ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News