നിയമങ്ങളിലെ നൂലാമാലകൾ പഴുതാക്കി വൻകിട കയ്യേറ്റക്കാര്‍
തണ്ണീർത്തട സംരക്ഷണ നിയമം പോലും പഴയ കയ്യേറ്റങ്ങൾ ക്രമവൽക്കരിക്കാൻ സഹായിക്കുന്നതാണെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആരോപണം
നിയമങ്ങളിലെ നൂലാമാലകൾ പഴുതാക്കിയാണ് പല വൻകിട കയ്യേറ്റക്കാരും രക്ഷപ്പെടുന്നത്. തണ്ണീർത്തട സംരക്ഷണ നിയമം പോലും പഴയ കയ്യേറ്റങ്ങൾ ക്രമവൽക്കരിക്കാൻ സഹായിക്കുന്നതാണെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആരോപണം. ഡിഎൽഎഫ് കേസിലെ സുപ്രിംകോടതി വിധിയും കയ്യേറ്റക്കാര്‍ക്ക് ഊര്‍ജം നല്‍കുന്നതാണ്.
2008ലെ തണ്ണീർത്തട സംരക്ഷണ നിയമം വിപ്ലവാത്മകമാണെന്ന് പറയുമ്പോഴും നിയമത്തിലെ പഴുതുകൾ ഉപയോഗിച്ചാണ് ഇപ്പോഴും വൻകിട കയ്യേറ്റക്കാർ രക്ഷപ്പെടുന്നത്. 2008ന് മുൻപ് നികത്തിയ ഭൂമിയെ കുറിച്ച് നിയമത്തിൽ വ്യക്തതയില്ല. 1967 ലെ ഭൂമി ഉപയോഗ ഉത്തരവ് നിലനിൽക്കുന്നുണ്ടെങ്കിൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ ഈ കുറ്റകരമായ മൗനമാണ് കൊച്ചിയിലേതടക്കം പല വൻകിട കയ്യേറ്റങ്ങളും ക്രമവൽക്കരിക്കാൻ കാരണമെന്നാണ് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്.
ഡിഎൽഎഫിന്റെ കേസിലുണ്ടായ കോടതി വിധിയും മറ്റ് കയ്യേറ്റ കേസുകളെയും കാര്യമായി ബാധിച്ചേക്കും. പിഴയടച്ച് കയ്യേറ്റം ക്രമവൽക്കരിക്കാമെന്ന് പറയുന്ന ഉത്തരവിൽ പക്ഷെ നിയമവിരുദ്ധ പ്രവർത്തനത്തിന് കയ്യേറ്റക്കാർക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ ഒരു നടപടിക്കും ശുപാർശയില്ലാത്തതും ഗൗരവതരമെന്നാണ് വിലയിരുത്തുന്നത്.
വ്യക്തമായ ഡാറ്റ ബാങ്ക് പ്രസിദ്ധീകരിക്കുമെന്ന് ഉറപ്പ് നൽകി അധികാരത്തിലേറിയ ഇടത് സർക്കാർ രണ്ട് വർഷം പൂർത്തീകരിച്ചിട്ടും അതിന് ഇതുവരെ തയ്യാറായിട്ടില്ല. സർക്കാരിന്റെ മെല്ലെ പോക്കും ഉദ്യോഗസ്ഥരുടെ ഒത്താശയും കൂടിയാകുമ്പോൾ നമ്മുടെ കായലും തണ്ണീർത്തടങ്ങളും കോൺക്രീറ്റ് വനങ്ങളായി മാറാൻ കാലതാമസമില്ലെന്ന് സാരം.