ആരോ ചെയ്യുന്ന കുറ്റകൃത്യങ്ങൾ സിപിഎമ്മിന്റെ മേല് കെട്ടിവയ്ക്കുന്നു: ഇ പി ജയരാജൻ
സിപിഎമ്മിന്റെ വളർച്ചയിൽ വെറി പൂണ്ട ശത്രുക്കൾ പാർട്ടിയെ വളഞ്ഞിട്ട് അക്രമിക്കുകയാണെന്ന് ജയരാജൻ കുറ്റപ്പെടുത്തി
ആരോ ചെയ്യുന്ന കുറ്റകൃത്യങ്ങൾ പാർട്ടിയുടെമേൽ കെട്ടിവയ്ക്കുകയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം. ഇ പി ജയരാജൻ. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പതാകജാഥ കയ്യൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇ പി ജയരാജൻ.
കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് പതാകജാഥ ആരംഭിച്ചത്. സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ പതാക ജാഥാ ക്യാപ്റ്റന് എം വി ഗോവിന്ദന് കൈമാറി. സിപിഎമ്മിന്റെ വളർച്ചയിൽ വെറി പൂണ്ട ശത്രുക്കൾ പാർട്ടിയെ വളഞ്ഞിട്ട് അക്രമിക്കുകയാണെന്ന് ജയരാജൻ കുറ്റപ്പെടുത്തി. എവിടെ അക്രമം നടന്നാലും സിപിഎമ്മിന്റെ മേൽ കെട്ടിവയ്ക്കാൻ നീക്കം നടക്കുന്നു. ഈ നീക്കത്തെ പ്രതിരോധിക്കാൻ പാർട്ടി പ്രവർത്തകർ തയ്യാറാകണമെന്നും ഇ പി ജയരാജൻ ആവശ്യപ്പെട്ടു.
പതാക ജാഥ കാസർകോട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി കണ്ണൂർ ജില്ലയിലേക്ക് പ്രവേശിച്ചു.