'മകനെ എന്തിനാണ് കൊന്നതെന്ന് അറിയണം'; നിരാഹാര സമരത്തിനൊരുങ്ങി ഷുഹൈബിന്റെ കുടുംബം
സിബിഐ അന്വേഷണമാകാമെന്ന് പറഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ മലക്കം മറിഞ്ഞതില്‍ ദുരൂഹതയെന്ന് മുഹമ്മദ് പറഞ്ഞു.
ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണമില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ കടുത്ത പ്രതിഷേധവുമായി കുടുംബം.സംഭവത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് പങ്കുണ്ടെന്ന തിരിച്ചറിവാണ് സര്‍ക്കാര്‍, നിലപാടില്‍ നിന്ന് പിന്നോട്ട് പോകാന്‍ കാരണമെന്ന് ഷുഹൈബിന്‍റെ പിതാവ് മുഹമ്മദ് ആരോപിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമരരംഗത്തിറങ്ങുമെന്ന് സഹോദരിയും പറഞ്ഞു
ഈ കണ്ണുനീരില്‍ സങ്കടം മാത്രമല്ല,ഭരണകൂടത്തോടുളള പ്രതിഷേധം കൂടിയുണ്ട്.പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലന്നും സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നുമായിരുന്നു ഷുഹൈബിന്‍റെ കുടുംബം ആദ്യഘട്ടം മുതല്‍ ആവശ്യപ്പെട്ടത്.ഇക്കാര്യം ആവശ്യപ്പെട്ട് ഷുഹൈബിന്‍റെ പിതാവ് നല്‍കിയ കത്ത് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തിരുന്നു.ഇതിനു പിന്നാലെ ഷുഹൈബിന്‍റെ വീട് സന്ദര്‍ശിച്ച കലക്ടര്‍ സി.ബി.ഐ അന്വേഷണത്തിന് തയ്യാറാണന്ന സര്‍ക്കാര്‍ നിലപാട് കുടുംബത്തെ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയത് സംഭവത്തില്‍ സി.പി.എം നേതൃത്വത്തിന് പങ്കുണ്ടന്ന് വ്യക്തമായതിനെ തുടര്‍ന്നാണെന്ന് ഷുഹൈബിന്‍റെ പിതാവ് ആരോപിക്കുന്നു. സി.ബി.ഐ അന്വേക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്ന കാര്യവും കുടുംബം ആലോചിക്കുന്നുണ്ട്.