സിറോ മലബാര്‍ സഭാ ഭൂമി ഇടപാട് കേസില്‍ പൊലീസിന് ഹൈകോടതിയുടെ രൂക്ഷവിമര്‍ശം
പരാതി ലഭിച്ചിട്ടും കേസ് എടുക്കാതിരുന്നത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു.
സിറോ മലബാര്‍ സഭാ ഭൂമി ഇടപാട് കേസില്‍ പൊലീസിന് ഹൈകോടതിയുടെ രൂക്ഷവിമര്‍ശം. പരാതി ലഭിച്ചിട്ടും കേസ് എടുക്കാതിരുന്നത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. 20 ലക്ഷം വിശ്വാസികളെയാണ് സഭയുടെ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ ചോദ്യം ചെയ്യുന്നതെന്നും ഹൈകോടതി നിരീക്ഷിച്ചു.
എറണാകുളം - അങ്കമാലി അതിരൂപത ഭൂമിയിടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ക്രിമിനല്‍ കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് ഹൈകോടതിയുടെ വിമര്‍ശം. പൊലീസില്‍ പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്തതെന്ത് എന്ന് കോടതി ചോദിച്ചു. പരാതിയുടെ മേല്‍ അടയിരുന്ന അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടതാണ്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നടപടി സുപ്രീംകോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. ഭൂമിയിടപാട് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തു. സിവില്‍ നടപടി എന്ന് ചൂണ്ടിക്കാട്ടി പരാതി തള്ളിക്കളയാനാവില്ലെന്ന് കോടതി വാക്കാല്‍ പരാമര്‍ശം നടത്തി.
സഭയുടെ ഭൂമിയിടപാട് കേസ് മധ്യസ്ഥതയിലൂടെ തീര്‍ക്കണമെന്ന ഇടനിലക്കാരന്‍ സാജു വര്‍ഗീസിന്‍റെ ആവശ്യവും കോടതി തള്ളി. മധ്യസ്ഥതയിലൂടെ തീര്‍ക്കേണ്ട കേസല്ല ഇതെന്ന് കോടതി വ്യക്തമാക്കി. താന്‍ പണം മുഴുവന്‍ സഭയ്ക്ക് കൈമാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കക്ഷി ചേര്‍ക്കേണ്ടതില്ലെന്നും ഇടനിലക്കാരന്‍ കോടതിയെ അറിയിച്ചു. ഹരജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. ഹരജി നാളെ ഹൈകോടതി വീണ്ടും പരിഗണിക്കും.