കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍
കോഴിക്കോട് വടകര നഗരസഭാ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കൊല്ലം പത്തനാപുരം സ്വദേശി ശ്രീകുമാറാണ് പിടിയിലായത്
കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ എഞ്ചിനീയറെ വിജിലന്‍സ് പിടികൂടി. കോഴിക്കോട് വടകര നഗരസഭാ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കൊല്ലം പത്തനാപുരം സ്വദേശി ശ്രീകുമാറാണ് പിടിയിലായത്. കെട്ടിടനിര്‍മാണത്തിന് അനുമതി നല്‍കാന്‍ ഒരുലക്ഷത്തി അറുപതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.
കുറ്റ്യാടി സ്വദേശി സലീമിന്റെ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് സംഘമെത്തിയത്. വടകര നഗരസഭയില്‍ കെട്ടിട നിര്‍മാണത്തിനുള്ള അനുമതി നല്‍കാന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീകുമാര്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്നായിരുന്നു പരാതി. രണ്ടുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് സലീം വിജിലന്‍സിനെ വിവരമറിയിച്ചത്. വിജിലന്‍സിന്റെ നിര്‍ദേശമനുസരിച്ച് കുറ്റ്യാടി മരുതോങ്കരയിലുള്ള ഫാം ഹൌസിലെത്താന്‍ സലീം ശ്രീകുമാറിനോട് ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് രണ്ടുമണിക്ക് ഇവിടെയെത്തി ഒരുലക്ഷത്തിഅറുപതിനായിരം രൂപ കൈക്കൂലി വാങ്ങി മടങ്ങുന്നതിനിടെ വിജിലന്‍സ് എസ് പി ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം ശ്രീകുമാറിനെ പിടികൂടുകയായിരുന്നു. ഇയാളുടെ വടകരയിലുള്ള താമസസ്ഥലത്തും നഗരസഭാ ഓഫീസിലും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.