എന്‍ഡിഎയിലെ പ്രധാന കക്ഷിയാകാന്‍ ബിഡിജെഎസ് തീരുമാനം
ബിജെപിയുമായി അതൃപ്തിയുണ്ടാകാൻ കാരണം പോലും സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് കാരണമാണ്
ബിജെപിയുടെ സംസ്ഥാന നേതൃത്വം അവഗണിക്കുമ്പോഴും ദേശീയ നേതൃത്വം തങ്ങൾക്കൊപ്പമാണെന്ന് വ്യക്തമാക്കി എൻഡിഎയിലെ പ്രധാന കക്ഷിയാകാൻ ബിഡിജെഎസ് തീരുമാനം. ബിജെപിയുമായി അതൃപ്തിയുണ്ടാകാൻ കാരണം പോലും സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് കാരണമാണ്. സംസ്ഥാന ബിജെപിയിലെ ഒരു വിഭാഗം ബിഡിജെഎസിനെ പൂർണമായും തഴയുന്നുവെന്ന പരാതിയും പ്രധാനമന്ത്രിയേയും അമിത്ഷായേയും തുഷാർ വെള്ളാപ്പള്ളി നേരിട്ട് ബോധ്യപ്പെടുത്തും. കേരളത്തിൽ നടക്കുന്ന ബിജെപിയുടെ ദേശീയ കൺവെൻഷൻ സമയത്ത് ബിഡിജെഎസ് നടത്തിയ സമ്മർദ്ദം വിജയം കണ്ടതായി പാർട്ടി വിലയിരുത്തൽ.
പാർട്ടി രൂപീകരിച്ച് എൻഡിഎ മുന്നണിയിലെത്തിയപ്പോഴേ ബിഡിജെഎസിന് ലഭിക്കേണ്ട സ്ഥാനമാനങ്ങൾ സംബന്ധിച്ച ചർച്ച നടത്തിയിരുന്നു. എന്നാൽ കേന്ദ്ര നേതൃത്വവുമായുണ്ടാക്കിയ ധാരണക്കനുസരിച്ച് സംസ്ഥാന ബജെപി നേതൃത്വം അത്ര അനുകൂലമായ നിലപാടെടുത്തില്ല. ഇക്കാര്യത്തിലെ അതൃപ്തി നേരത്തേ തന്നെ വെള്ളാപ്പള്ളി വ്യക്തമാക്കുകയും ചെയ്തിരുന്നു.
മുന്നണിയിൽ ഇരൂകൂട്ടരും ഇടഞ്ഞതോടെ ബിഡിജെഎസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി വീണ്ടും ദേശീയ നേതൃത്വവുമായി ചർച്ച നടത്തി. അതിലും കാര്യമായ ഫലം കാണാതെ വന്നപ്പോഴാണ് ബിജെപി ദേശീയ കൌൺസിൽ കേരളത്തിൽ നടക്കുന്ന സാഹചര്യം മുടലെടുക്കാൻ തീരുമാനിച്ചത്. അതുകൊണ്ടാണ് അതൃപ്തി തുറന്ന് പറഞ്ഞ് നേതൃത്വങ്ങൾ രംഗത്ത് വന്നത്.
പ്രശ്നത്തിൽ ബിഡിജെഎസ് ഭാഗികമായി ജയിച്ചതോടെ മുന്നണിയിലെ പ്രബലകക്ഷി എന്നതിലേക്ക് ഉയരാനുള്ള തന്ത്രത്തിലാണ്. ആദിവാസി ഗോത്രമഹാസഭാ നേതാവ് സികെ.ജാനു, ജെഎസ്എസ് നേതാവ് രാജൻബാബു എന്നിവരെ മുന്നണിയിലെത്തിച്ചവരെന്ന അവകാശവാദം, എസ്എൻഡിപി എന്ന സാമുദായിക കക്ഷിയുടെ പിന്തുണ ഇതെല്ലാം ഉപയോഗപ്പെടുത്തിയാവും ഇനി വിലപേശൽ.