അമൃതാനന്ദമയിയും രാംദേവും ശ്രീ ശ്രീയും ആത്മീയ മാഫിയകള്‍: ആര്‍എസ്എസ് മുന്‍ ബൌദ്ധിക് പ്രമുഖ്
കള്ളപ്പണക്കാര്‍ക്കെതിരെ മാത്രമല്ല ആത്മീയ മാഫിയകളെ നിലയ്ക്ക് നിര്‍ത്താനും നടപടികള്‍ വേണമെന്ന് ആര്‍എസ്എസ് മുന്‍ ബൌദ്ധിക് പ്രമുഖ് ടി ആര്‍ സോമശേഖരന്‍
മാതാ അമൃതാനന്ദമയിയെയും ബാബാ രാംദേവിനെയും ശ്രീ ശ്രീ രവിശങ്കറിനെയും പോലുള്ള ആള്‍ദൈവങ്ങള്‍ ആത്മീയ മാഫിയകളാണെന്ന് ആര്‍എസ്എസിന്റെ മുന്‍ ബൌദ്ധിക് പ്രമുഖ് ടി ആര്‍ സോമശേഖരന്‍. കള്ളപ്പണക്കാര്‍ക്കെതിരെ മാത്രമല്ല ഇത്തരം മാഫിയകളെ നിലയ്ക്ക് നിര്‍ത്താനും നടപടികള്‍ വേണം. ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനം ശരിയായ ദിശയിലല്ല എന്നും സോമശേഖരന്‍ മീഡിയവണിനോട് പറഞ്ഞു.
അമൃതാന്ദമയിയും ബാബ രാംദേവും ശ്രീ ശ്രീ രവിശങ്കറും നടത്തുന്നത് ആത്മീയ കച്ചവടമാണെന്ന് ദീര്‍ഘകാലം ആര്‍എസ്എസിന്റെ സംസ്ഥാന ബൌദ്ധിക് പ്രമുഖ് ആയിരുന്ന ടി ആര്‍ സോമശേഖരന്‍ ആരോപിച്ചു. ഇത്തരം മാഫിയ സംഘങ്ങളുമായി ഒരു വിഭാഗം നേതാക്കള്‍ പുലര്‍ത്തുന്ന സൌഹാര്‍ദ്ദം ശരിയല്ല. ദേശീയ തലത്തിലുള്ള ബിജെപിയുടെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് കഴിയുന്നില്ലെന്ന് സോമശേഖരന്‍ പറഞ്ഞു. സമുദായ നേതാക്കളെ കൂടെ കൂട്ടിയതുകൊണ്ട് മാത്രം പാര്‍ട്ടിക്ക് ജനങ്ങളുടെ അംഗീകാരം നേടാനാവില്ല. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിരെ ബിജെപിക്കാര്‍ ഉള്‍പ്പെടെ ഒരു വിഭാഗം നേതാക്കള്‍ നിലപാട് സ്വീകരിക്കുന്നതിനെയും സോമശേഖരന്‍ വിമര്‍ശിച്ചു.
അതേസമയം എം ടി വാസുദേവന്‍ നായര്‍ക്കും സംവിധായകന്‍ കമലിനും എതിരെ ബിജെപി നേതാക്കള്‍ നടത്തിയ വിമര്‍ശനങ്ങളെ ടി ആര്‍ സോമശഖരന്‍ ന്യായീകരിച്ചു. ഇരുവരും അത് അര്‍ഹിക്കുന്നുണ്ട് എന്നായിരുന്നു മറുപടി. നോട്ട് അസാധുവാക്കലിലൂടെ കള്ളപ്പണവും കള്ളനോട്ടിന്റെ വ്യാപനവും തടയാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചതെന്നും സോമശേഖരന്‍ പറഞ്ഞു.