മേയറെ കയ്യേറ്റം ചെയ്ത സംഭവം: ബിജെപി കൌണ്‍സിലര്‍മാരുടെ അറസ്റ്റ് വൈകുന്നു
അറസ്റ്റ് ചെയ്താല്‍ തടയുമെന്നും ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു
തിരുവനന്തപുരം മേയറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതികളായ ബിജെപി കൌണ്‍സിലര്‍മാരുടെ അറസ്റ്റ് വൈകുന്നു. അറസ്റ്റ് ചെയ്താല്‍ തടയുമെന്നും ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബിജെപി നേതാക്കള്‍ ഡിജിപിയെയും കണ്ടു.
മേയര്‍ വി കെ പ്രശാന്തിനെ കയ്യേറ്റം ചെയ്തതിന് ബിജെപി കൌണ്‍സിലര്‍മാരായ ഗിരികുമാര്‍, ആര്‍ പി ബീന എന്നിവര്‍ക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. ഇവരെ അറസ്റ്റ് ചെയ്യാനായി രാവിലെ മ്യൂസിയം എസ് ഐ സുനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ പൊലീസ് എത്തിയിരുന്നു. കൌണ്‍സര്‍മാരുടെ ആരോഗ്യസ്ഥിതി മോശമാണെന്ന ആശുപത്രി സൂപ്രണ്ടിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അറസ്റ്റ് നടന്നില്ല. എന്നാല്‍ തുടര്‍ന്ന് അറസ്റ്റ് പ്രതിരോധിക്കാന്‍ ബിജെപി തീരുമാനിക്കുകയായിരുന്നു.
ഏകപക്ഷീയമായി കേസെടുത്തതിനെതിരെ ബിജെപി നേതാക്കള്‍ ഡിജിപിയെ കാണുകയും ചെയ്തു. അറസ്റ്റ് വൈകുന്നതില്‍ സിപിഎമ്മിന് പ്രതിഷേധമുണ്ട്. ആശുപത്രിയില്‍ ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ട്. പരിക്കേറ്റ് കഴിയുന്ന ബിജെപിയുടെ ദലിത് കൌണ്‍സിലറെ സന്ദര്‍ശിക്കാന്‍ ദേശീയ പട്ടികജാതി കമ്മീഷന്‍ അംഗം മുരുകന്‍ നാളെ തിരുവനന്തപുരത്തെത്തും.