തിരുനെല്ലിയില്‍ റിസോര്‍ട്ടിനായി ആദിവാസിഭൂമി കയ്യേറ്റം; കെടിഡിസിക്ക് പങ്കെന്ന് പരാതി
റിസോര്‍ട്ടിലേക്ക് വഴിലഭിക്കാനായി ആദിവാസിയില്‍ നിന്ന് ഏറ്റെടുത്ത ഭൂമിയുടെ ഒരു ഭാഗം കെടിഡിസിക്ക് കൈമാറുകയായിരുന്നു.
വയനാട് തിരുനെല്ലിയില്‍ റിസോര്‍ട്ടിനായി ആദിവാസി ഭൂമി കയ്യേറിയതില്‍ കെടിഡിസിക്ക് കൂടി പങ്കുള്ളതായി പരാതി. റിസോര്‍ട്ടിലേക്ക് വഴിലഭിക്കാനായി ആദിവാസിയില്‍ നിന്ന് ഏറ്റെടുത്ത ഭൂമിയുടെ ഒരു ഭാഗം കെടിഡിസിക്ക് കൈമാറുകയായിരുന്നു. മുന്‍ജില്ലാ കളക്ടറുടെ ഒത്താശയോടെയാണ് തിരുനെല്ലിയിലെ അഗ്രഹാരം റിസോര്‍ട്ടിലേക്ക് സര്‍ക്കാര്‍ ഭൂമിയിലൂടെ റോഡ് നിര്‍മിച്ചതെന്നാണ് ആരോപണം.
ആദിവാസിയായിരുന്ന ചന്ദനും കുടുംബവും താമസിച്ചിരുന്ന ഒരേക്കര്‍ ഇരുപത് സെന്റ് സ്ഥലം ഏറ്റെടുത്താണ് അഗ്രഹാരം റിസോര്‍ട് നിര്‍മിച്ചത്. പകരം ഭൂമി നല്‍കാമെന്ന് പറഞ്ഞാണ് ഭൂമി കൈകക്കലാക്കിയതെന്ന് ചന്ദന്‍ പറയുന്നു. മുന്‍ജില്ലാ കളക്ടറുടെ 15745/95 ഉത്തരവ് പ്രകാരമാണ് ആദിവാസി ഭൂമി റിസോര്‍ട്ട് ഉടമ ഏറ്റെടുക്കുന്നത് എന്നതാണ് തിരുനെല്ലി വില്ലേജ് ഓഫീസിലെ രേഖ. ഈ ഭൂമിയിലേക്ക് പ്രവേശിക്കണമെങ്കില്‍ വനംവകുപ്പിന്റെ ഭൂമിയിലൂടെ റോഡ് ആവശ്യമായി വന്നു. അപ്പോള്‍ 50 സെന്റ് ഭൂമി റിസോര്‍ട് ഉടമ ഡിടിപിസിക്ക് നല്‍കി. ഡിടിപിസി കെടിഡിസിക്ക് ഭൂമി കൈമാറുകകയും അവിടെ ടാമറിന്റ് ഹോട്ടല്‍ നിര്‍മിക്കുകയും ചെയ്തു. അങ്ങനെ സ്വകാര്യ റിസോര്‍ട്ടിലേക്ക് കൂടിയുള്ള വഴിയൊരുങ്ങി. മുന്‍ ജില്ലാകളക്ടര്‍ക്കു പുറമെ രാഷ്ട്രീയ നേതൃത്വത്തിന്റെ കൂടി പിന്‍ബലം ഇതിനുണ്ടെന്നാണ് ആരോപണം.
തന്റെ ഭൂമി തട്ടിയെടുത്താണ് റിസോര്‍ട്ടുകള്‍ നിര്‍മിച്ചതെന്ന ചന്ദന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒന്നും മുന്നോട്ടു പോയിട്ടില്ല.