ഡി.എല്‍.എഫ്; കേരള തീരദേശ പരിപാലനസമിതി പുനപരിശോധന ഹര്‍ജി നല്‍കില്ല
ഡി.എല്‍.എഫ് കൊച്ചി ചെലവന്നൂര്‍ കായല്‍ തീരത്ത് നിര്‍മിച്ച ഫ്ലാറ്റ് സമുച്ചയം പൊളിക്കേണ്ടതില്ലെന്ന് വിധിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിയമലംഘനത്തിന് 1 കോടി രൂപ പിഴയും ചുമത്തിയിരുന്നു
കായല്‍ കയ്യേറി നിര്‍മിച്ച കൊച്ചിയിലെ ഡി.എല്‍.എഫ് ഫ്ലാറ്റ് സമുച്ചയം പൊളിക്കേണ്ടതില്ലെന്ന സുപ്രീംകോടതി വിധിക്കെതിരെ കേരള തീരദേശ പരിപാലനസമിതി പുനപരിശോധന ഹര്‍ജി നല്‍കില്ല. കേരള തീരദേശ പരിപാലസമിതി കഴിഞ്ഞയാഴ്ച്ച ചേര്‍ന്നയോഗത്തിലാണ് തീരുമാനമെടുത്തത്. വീണ്ടും കോടതിയെ സമീപിച്ചാലും അനുകൂലമായ നിലപാടുണ്ടാകാനിടയില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍.
ഡി.എല്‍.എഫ് കൊച്ചി ചെലവന്നൂര്‍ കായല്‍ തീരത്ത് നിര്‍മിച്ച ഫ്ലാറ്റ് സമുച്ചയം പൊളിക്കേണ്ടതില്ലെന്ന് വിധിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിയമലംഘനത്തിന് 1 കോടി രൂപ പിഴയും ചുമത്തിയിരുന്നു. ഇതിനെതിരെ തീരദേശപരിപാലനസമിതി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല വധി ലഭിച്ചില്ല. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ വിധിയെ ശരിവെച്ച സുപ്രീംകോടതി കെ.സി.ഇസഡ്.എംഎ അടക്കമുള്ള സമിതികളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. നിയമലംഘനങ്ങള്‍ നടക്കുനമ്പോള്‍ കുംഭകര്‍ണസേവ നടത്തിയ സമിതികള്‍ വര്‍ഷങ്ങള്‍ക്കുശേഷം നടപടിയെടുക്കാന്‍ വരുന്നത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചിരുന്നു. കടുത്തവിമര്‍ശനമേറ്റപശ്ചാത്തലത്തിലാണ് പുനപരിശോധന ഹര്‍ജി നല്‍കേണ്ടെന്ന് കെ.സി.ഇസഡ്.എംഎ തീരുമാനിക്കാന്‍ കാരണം. പുനപരിശോധനഹര്‍ജിയുമായി വീണ്ടും ഇതേ ബെഞ്ചിനെ തന്നെയാകും സമീപിക്കേണ്ടത് എന്നതിനാല്‍ തന്നെ മാറ്റമുണ്ടാകാന്‍ ഇടയില്ലെന്നാണ് കെ.സി.ഇസഡ്.എംഎ യുടെ വിലയിരുത്തല്‍. കഴിഞ്ഞയാഴ്ച്ച ചേര്‍ന്ന സമിതിയുടെ 91 ആം യോഗത്തിന്‍റേതാണ് തീരുമാനം. അതേസമയം വിധിക്കെതിരെ അപ്പീല്‍ പോകണമെന്നാവശ്യപ്പെട്ട് മുന്‍ കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. വീഴ്ച്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കത്തിലാവശ്യപ്പെട്ടിട്ടുണ്ട്.