ഗെയില്‍ വാതക പൈപ്പ് ലൈന്‍ സര്‍വ്വേ താമരശ്ശേരിയില്‍ നാട്ടുകാര്‍ തടഞ്ഞു
പ്രതിഷേധത്തിനിടെ സമീപവാസിയായ വൃദ്ധന്‍ കുഴഞ്ഞുവീണ് മരിച്ചു
കോഴിക്കോട് താമരശ്ശേരിയില്‍ വാതക പൈപ്പ് ലൈന്‍ സര്‍വ്വേക്കെത്തിയ ഗെയില്‍ ജീവനക്കാരെ നാട്ടുകാര്‍ തടഞ്ഞു. പ്രതിഷേധത്തിനിടെ സമീപവാസിയായ വൃദ്ധന്‍ കുഴഞ്ഞുവീണ് മരിച്ചു. ചാലക്കര സ്വദേശി വട്ടത്തുമണ്ണില്‍ മുഹമ്മദ് ആണ് മരിച്ചത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം ഗെയില്‍ ജീവനക്കാര്‍ സര്‍വെ നടപടികള്‍ ആരംഭിച്ചെങ്കിലും പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. താമരശ്ശേരിയില്‍ വൈകീട്ട് അഞ്ച് വരെ സമര സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
രാവിലെ 10 മണിക്കാണ് ഗെയില്‍ ജീവനക്കാര്‍ ചാലക്കരയില്‍ സര്‍വ്വേക്കെത്തിയത്. സര്‍വ്വേയുമായി മുന്നോട്ടുപോകരുതെന്ന് നാട്ടുകാരും സമര സമിതിയും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. സര്‍വേക്ക് സംരക്ഷണം നല്‍കാനാണ് തങ്ങള്‍ വന്നതെന്ന് പൊലീസ് അറിയിച്ചതോടെ പൊലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതോടെ സമരക്കാര്‍ പ്രദേശത്തെ റോഡില്‍ ടയറും കല്ലും കൂട്ടിയിട്ട് തീയിട്ടു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ചേര്‍ന്ന് റോഡ് ഉപരോധിക്കുകയും ചെയ്തു. എന്നാല്‍ ഫയര്‍ഫോഴ്സെത്തി തീയണക്കുകയും സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
പ്രതിഷേധം കണ്ടുനില്‍ക്കെയാണ് സമീപവാസിയായ അറുപതുകാരന്‍ വീട്ടുമുറ്റത്ത് കുഴഞ്ഞുവീണ് മരിച്ചത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം ഉദ്യോഗസ്ഥര്‍ സര്‍വേ നടപടികള്‍ തുടര്‍ന്നു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സമര സമിതി താമരശ്ശേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി.