യാക്കോബായ സഭയില്‍ വിമതപ്രവര്‍ത്തനം: രണ്ട് മെത്രാന്മാരെ പുറത്താക്കി
യാക്കോബായ സഭയില്‍ പാത്രിയര്‍ക്കീസിനെതിരെ വിമതപ്രവര്‍ത്തനം നടത്തിയ രണ്ട് മെത്രാന്മാരെ പുറത്താക്കി.
യാക്കോബായ സഭയില്‍ സഭാ മേലധ്യക്ഷന്‍ ഇഗ്നാത്തിയോസ് മാര്‍ അഫ്രേം പാത്രിയര്‍ക്കീസ് ബാവക്കെതിരെ വിമതപ്രവര്‍ത്തനം നടത്തിയ രണ്ട് മെത്രാന്മാരെ പുറത്താക്കി. മാര്‍ യൂസ്താത്തിയോസ് മത്താ റോഹം, മാര്‍ സേവേറിയൂസ് ഹസൈന്‍ സൂമി എന്നിവരെയാണ് വൈദിക വൃത്തിയില്‍ നിന്ന് പുറത്താക്കിയത്. വിമതനീക്കത്തിന് നേതൃത്വം നല്‍കിയ മാര്‍ ക്ലീമിസ് യൂജീന്‍ കപ്ലാന്‍ ഉള്‍പ്പടെ നാല് പേരോട് ഏപ്രില്‍ മുപ്പതിനകം മാപ്പപേക്ഷ നല്‍കാനും ബാവയുടെ കല്‍പ്പനയില്‍ പറയുന്നു.
കഴിഞ്ഞ 14 മുതല്‍ 16 വരെ ലബനാനില്‍ നടന്ന സിനഡിന്‍റേതാണ് തീരുമാനം. പാത്രിയര്‍ക്കീസ് ബാവക്കെതിരെ വിമതപ്രവര്‍ത്തനത്തിനായി രഹസ്യയോഗം ചേരുകയും സഭാ ഭരണഘടനക്ക് വിരുദ്ധമായി പുരോഹിതന്മാരെ നിയമിക്കുകയും ചെയ്തുവെന്ന ആരോപണം നേരിടുന്ന അഞ്ച് മെത്രാന്മാരെയും സിനഡിലേക്ക് പ്രത്യേകം ക്ഷണിച്ചിരുന്നു. ഇവരില്‍ യുസ്താത്തിയൂസ് മത്താ റോഹം ഒഴികെ അഞ്ച് പേരും സിനഡില്‍ ഹാജരായി. ഹാജരായവരോട് മാപ്പപേക്ഷയില്‍ ഒപ്പുവെക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സിനഡ് കഴിയുന്നത് വരെ അവര്‍ അതിന് തയ്യാറായില്ല. ഇതോടെയാണ്, രണ്ട് പേരെ പുറത്താക്കിയുള്ള കല്‍പ്പന.
മാര്‍ യുസ്താത്തിയോസ് മത്താ റോഹം സിറിയയിലെ ജസീറ- യൂഫ്രട്ടീസ് മെത്രാപ്പോലീത്തയാണ്. ബെല്‍ജിയം-ഫ്രാന്‍സ് രൂപതകളുടെ മെത്രോപ്പോലീത്തയാണ് മാര്‍ ഹസൈല്‍ സൂമി. നേരത്തെ പാത്രിയര്‍ക്കീസ് ബാവയെ തെരഞ്ഞെടുക്കാനുള്ള സിനഡില്‍ നിലവിലെ പാത്രിയര്‍ക്കീസ് ബാവക്കെതിരെ മല്‍സരിച്ച മാര്‍ ക്ലിമിസ് യൂജീന്‍ കപ്ലാന്‍ ഉള്‍പ്പടെ നാല് പേരോട് ഏപ്രില്‍ മുപ്പതിനകം മാപ്പപേക്ഷ നല്‍കാന്‍ കല്‍പ്പനയായി. കപ്ലാന് ഇന്ത്യയിലെ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍റെ പിന്തുണയുണ്ടായിരുന്നതായും ആരോപണമുണ്ട്. വിമത നീക്കത്തിനെതിരെ ശക്തമായ നടപടിയുമായി പാത്രിയര്‍ക്കീസ് ബാവ മുന്നോട്ട് പോകുന്നതിന്‍റെ സൂചനയാണ് പുതിയ കല്‍പന.