എം എം മണിക്കെതിരെ നടപടിയുണ്ടാകും
സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ മണിക്കെതിരെ രൂക്ഷ വിമര്‍ശമുണ്ടായി
വിവാദ പ്രസ്താവനകള്‍ നടത്തിയ മന്ത്രി എം എം മണിക്കെതിരെ സിപിഎം അച്ചടക്ക നടപടി സ്വീകരിക്കും. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് നടപടിയുടെ കാര്യത്തില്‍ ധാരണയായത്. ഏത് തരത്തിലുള്ള നടപടി വേണമെന്ന കാര്യത്തില്‍ നാളെ ആരംഭിക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തീരുമാനമുണ്ടാകും. പാര്‍ട്ടി എന്ത് നടപടി സ്വീകരിച്ചാലും അത് നേരിടാന്‍ തയ്യാറാണെന്ന് മണി പ്രതികരിച്ചു.
ദേവികുളം സബ്കളക്ടര്‍ക്കെതിരായ പരാമര്‍ശം, പൊമ്പിളൈ ഒരുമൈക്കെതിരെ നടത്തിയ പ്രസ്താവന എന്നിങ്ങനെ കഴിഞ്ഞ കാലങ്ങളില്‍ എം എം മണി പറഞ്ഞ എല്ലാ വിവാദകാര്യങ്ങളും സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ പരിഗണനക്ക് വന്നു. മന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് ഇത്തരത്തില്‍ പ്രസ്താവന നടത്തുന്നത് സര്‍ക്കാരിനേയും പാര്‍ട്ടിയേയും പ്രതിരോധത്തിലാക്കുന്നുവെന്ന വിലയിരുത്തലാണ് യോഗത്തില്‍ ഉണ്ടായത്. മന്ത്രിസ്ഥാനത്തിന് യോജിക്കാത്ത തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്ന മണിക്കെതിരെ നടപടി വേണമെന്ന പൊതു അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി നടപടിയെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
നാളെ ആരംഭിക്കുന്ന സംസ്ഥാന കമ്മിറ്റി യോഗം നടപടിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ശാസനയോ പരസ്യ ശാസനയോ താക്കീതോ അടക്കമുള്ള ചെറിയ നടപടികളായിരിക്കും ഉണ്ടാവുകയെന്നാണ് സൂചന. പാര്‍ട്ടി എന്ത് നടപടി സ്വീകരിച്ചാലും അത് സ്വീകരിക്കുമെന്ന് എം എം മണി സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം പ്രതികരിച്ചു.