വിജിലന്‍സ് അന്വേഷണം: ജേക്കബ് തോമസിന്‍റെ സര്‍ക്കുലര്‍ മരവിപ്പിച്ചു
കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് ഡയറക്ടറുടെ അനുമതി വേണം. എല്ലാ പരാതികളും വിജിലന്‍സ് ആസ്ഥാനത്ത് എത്തിക്കണം.
പരാതിയില്‍ ഉദ്യോഗസ്ഥര്‍ക്ക് കേസെടുക്കാമെന്ന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്‍റെ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. ഇനി മുതല്‍ വിജിലന്‍സ് ഡയറക്ടറുടെ അനുമതിയോട് കൂടിയേ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാവൂവെന്ന് വ്യക്തമാക്കി പുതിയ ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങളും പുറത്തിറക്കി.
വിജിലന്‍സിന്‍റെ എല്ലാ അധികാരങ്ങളും ഡയറക്ടര്‍ക്ക് വിട്ടുകൊടുത്തുള്ള ഉത്തരവാണ് ചീഫ് സെക്രട്ടറി നളിനി നെറ്റോ പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായി ചുമതലയേറ്റതിന് ശേഷം നടപ്പിലാക്കിയ പരിഷ്‍കാരങ്ങളെല്ലാം റദ്ദായി. വിജിലന്‍സ് യൂണിറ്റുകളില്‍ ലഭിക്കുന്ന പരാതികളില്‍ ഡിവൈഎസ്പി, എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കേസെടുക്കാമെന്ന നിര്‍ദ്ദേശമാണ് റദ്ദാക്കിയതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. യൂണിറ്റുകളില്‍ ലഭിക്കുന്ന മുഴുവന്‍ പരാതികളും തിരുവനന്തപുരത്തെ വിജിലന്‍സ് ആസ്ഥാനത്ത് എത്തിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. പരാതി വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് പരിശോധിച്ച ശേഷം മാത്രമേ കേസെടുക്കണമോയെന്ന കാര്യത്തില്‍ തീരുമാനം എടുക്കൂ. ജേക്കബ് തോമസിന്‍റെ പരിഷ്ക്കാരം മൂലം നിരവധി വിവാദങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ പുതിയ ഉത്തരവിറക്കിയെന്നാണ് സര്‍ക്കാര്‍ അനൌദ്യോഗികമായി വിശദീകരിക്കുന്നത്.