എതിര്‍പ്പുകള്‍ മറികടന്നും വലിയ പദ്ധതികളുമായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി
എല്‍ഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയ രംഗം ശുദ്ധീകരിച്ചെന്നും സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം വിശദീകരിച്ച് മുഖ്യമന്ത്രി
കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ആരോഗ്യവത്തായ രാഷ്ട്രീയ സംസ്കാരം കാഴ്ചവെക്കാന്‍ കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ രീതിയില്‍ വ്യാപരിക്കുന്നവര്‍ക്ക് രാഷ്ട്രീയ രക്ഷാകര്‍ത്താക്കളില്ല എന്നുറപ്പാക്കി. രാഷ്ട്രീയ സംസ്കാരത്തിന്റെ ശുദ്ധീകരണമാണ് ചുരുങ്ങിയ കാലം കൊണ്ട് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ഇതുവരെ സര്‍ക്കാരിനെതിരെ അഴിമതിയാരോപണങ്ങള്‍ ഉണ്ടായിട്ടില്ല. സര്‍ക്കാരിന് ഇക്കാര്യത്തില്‍ അഭിമാനിക്കാം. നോട്ട് നിരോധം, റേഷന്‍ ലഭ്യതക്കുറവ് അടക്കമുള്ള വിഷമഘട്ടങ്ങളെ നല്ല രീതിയില്‍ മറികടക്കാന്‍ സാധിച്ചെന്നും പിണറായി വിജയന്‍ പറഞ്ഞു.
കേരള ബാങ്ക് യാഥാര്‍ഥ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം വിശദീകരിക്കുന്നതിനിടെ കൂട്ടിച്ചേര്‍ത്തു. കയര്‍, കശുവണ്ടി, മത്സ്യബന്ധനം തുടങ്ങി പരമ്പരാഗത തൊഴില്‍ മേഖലയെ ശക്തിപ്പെടുത്താന്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് സാധിച്ചു. പരമ്പരാഗത തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.