കര്‍ഷകന്റെ ആത്മഹത്യ; മരണത്തിനുത്തരവാദി വില്ലേജ് അസിസ്റ്റന്റാണെന്ന് കുറിപ്പ്

Update: 2018-05-26 20:44 GMT
Editor : Jaisy
കര്‍ഷകന്റെ ആത്മഹത്യ; മരണത്തിനുത്തരവാദി വില്ലേജ് അസിസ്റ്റന്റാണെന്ന് കുറിപ്പ്
Advertising

മരിച്ച ജോയിയുടെ ബൈക്കില്‍ നിന്നാണ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തത്

Full View

ചെമ്പനോട വില്ലേജ് ഓഫീസില്‍ കര്‍ഷകനായ ജോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റ് സിലീഷിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. സിലീഷ് ഒളിവിലാണെന്ന് അന്വേഷണസംഘം സ്ഥിരീകരിക്കുന്നു. അതിനിടെ തന്റെ മരണത്തിനുത്തരവാദി സിലീഷ് ആണെന്ന് വിശദീകരിക്കുന്ന ജോയിയുടെ ആത്മഹത്യാ കുറിപ്പ് അന്വേഷണസംഘത്തിന് ലഭിച്ചു.

ജോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചെമ്പനോട വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസിനെതിരെ പൊലീസ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സിലീഷിനെ കാണാതായത്. ഇയാള്‍ ഒളിവിലാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സിലീഷിനെ കണ്ടെത്തി ചോദ്യം ചെയ്യേണ്ടത് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ പ്രധാനമാണെന്ന് പൊലീസ് പറഞ്ഞു. അതിനിടെയാണ് ജോയിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചത്. ജോയിയുടെ ബൈക്കില്‍ നിന്നും കണ്ടെത്തിയ കുറിപ്പ് ഭാര്യ മോളി പേരാമ്പ്ര സിഐക്ക് കൈമാറുകയായിരുന്നു. കത്തില്‍ സിലീഷിനെതിരെ പരാമര്‍ശമുണ്ട്. നികുതി സ്വീകരിക്കാതെ സിലീഷ് പീഡിപ്പിക്കുകയായിരുന്നുവെന്ന് പറയുന്ന കത്തില്‍ ഇതു മൂലം ജീവിക്കാന്‍ കഴിയില്ലെന്നും വിശദീകരിക്കുന്നു.

നേരത്തെ വില്ലേജ് ഓഫീസില്‍ ജോയി നല്‍കിയിരുന്ന ആത്മത്യാഭീഷണി കുറിപ്പ് പൊലീസിന് ലഭിച്ചിരുന്നു. അതില്‍ താന്‍ മരിക്കുകയാണെങ്കില്‍ വില്ലേജ് ഓഫീസില്‍ വെച്ചേ മരിക്കുകകയുളളൂവെന്നും വീട്ടില്‍വെച്ച് മരിച്ചാല്‍ അത് കുടുംബപ്രശ്നമായി വരുത്തിതീര്‍ക്കുമെന്നും പറഞ്ഞിരുന്നു. ആത്മഹത്യാ കുറിപ്പ് പരിശോധിച്ച അന്വേഷണ സംഘം ചെമ്പനോട വില്ലേജ് ഓഫീസിലെ മുഴുവന്‍ ജീവനക്കാരെയും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News