കരുത്തനായ മരണമെന്ന ശത്രുവിനെ പോലും വിറപ്പിച്ചുകൊണ്ടുതന്നെയാണ് അവള്‍ യാത്രയായത്

Update: 2018-05-26 19:16 GMT
Editor : Jaisy
കരുത്തനായ മരണമെന്ന ശത്രുവിനെ പോലും വിറപ്പിച്ചുകൊണ്ടുതന്നെയാണ് അവള്‍ യാത്രയായത്
Advertising

രമേശ് തന്റെ ഭാര്യ അച്ചുവിനെക്കുറിച്ചെഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയുടെ കണ്ണ്നിറയ്ക്കുകയാണ്

കാലില്‍ ഒരു മുള്ളുകൊണ്ടാല്‍ പോലും തളര്‍ന്നു പോകുന്നവരാണ് നമ്മളില്‍ പലരും. ചെറിയൊരു പനി വന്നാല്‍ ജീവിതം അവസാനിച്ചപോലൊരു തോന്നല്‍. എന്നാല്‍ ചിലരുണ്ട് ആകാശം ഇടിഞ്ഞുവീണാലും ഒന്നുമില്ലെന്ന് ഭാവത്തില്‍ ജീവിതത്തെ തന്റേടത്തോടെ നോക്കിക്കാണുന്നവര്‍...അക്കൂട്ടവര്‍ക്കുള്ളവര്‍ക്കുള്ളതാണ് ശരിക്കും ഭൂമി..മരണം പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോഴും ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കുന്നവര്‍. ക്യാന്‍സര്‍ എന്ന രോഗം അടിമുടി തളര്‍ത്തുമ്പോള്‍ അതിനെ പുഞ്ചിരിയോടെ നേരിട്ട് കാണാമറയത്തേക്ക് നടന്നുപോയ ഭാര്യയെക്കുറിച്ചോര്‍ക്കുകയാണ് പട്ടാമ്പി സ്വദേശിയായ രമേശ് കുമാര്‍. ഭാര്യ അച്ചുവിനെക്കുറിച്ചെഴുതിയ ഇദ്ദേഹത്തിന്റെ കുറിപ്പ് കണ്ണ് നിറയാതെ വായിക്കാനാവില്ല.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എനിക്കേറ്റവും പ്രിയപ്പെട്ട ഫോട്ടോകളിൽ ഒന്നാണ് ഇത്.സന്തോഷകരമായ ജീവിതത്തിനിടയിലേക്ക് കടന്നുവന്ന കാൻസർ എന്ന ശത്രുവിനോട് "നീ പോടാ പുല്ലേ നിനക്കെന്റെ ശരീരത്തിനെയെ തളർത്താൻപറ്റൂ എന്റെ മനസിനെ തളർത്താൻ നീ പതിനായിരം തവണ ശ്രമിച്ചാലും നടക്കില്ലെന്ന്" ചങ്കൂറ്റത്തോടെ പറഞ്ഞ എന്റെ പ്രിയപ്പെട്ട അച്ചുവിന്റെ കൂടെ കൊച്ചി ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ മുന്നിൽ നിന്ന് ഞാൻ എടുത്ത സെൽഫി. ഐ.എസ്‌ . എൽ പോരാട്ടം കൊച്ചിയിൽ നടക്കുന്ന സമയം ബ്ളാസ്റ്റേഴ്സിന്റെ കളിയുടെ ദിവസം സച്ചിൻ വരുന്നുണ്ടെന്ന് അറിഞ്ഞ നിമിഷം മുതൽ എന്നോട് അവൾ പറഞ്ഞിരുന്നു നമുക്ക് സച്ചിനെ കാണാൻ പോണം എന്ന്.പക്ഷെ അതിനിടക്ക് അസുഖം രണ്ടാമതും തലപൊക്കിയിരുന്നു സെക്കൻഡ് ലൈൻ കീമോതെറാപ്പി വീണ്ടും തുടങ്ങി .നിർഭാഗ്യവശാൽ സച്ചിൻ വരുന്നതിനു നാല് ദിവസം മുന്നേ ആയിരുന്നു കീമോ തുടങ്ങിയത് കീമോയുടെ കടുത്ത ബുദ്ധിമുട്ടുകൾക്കിടയിലും കൊച്ചിയിലെ വീട്ടിലിരുന്ന് ബ്ളാസ്റ്റേഴ്സിന്റെ കളിയുടെ തലേദിവസം സങ്കടത്തോടെ എന്നോട് പറഞ്ഞു .......ഇനിയിപ്പോ സച്ചിനെ കാണാൻ പോകാൻ പറ്റില്ലല്ലേ ?......അസുഖം അവസാന സ്റ്റേജിൽ ആണെന്ന് എനിക്കും അവൾക്കും അറിയാവുന്നത് കൊണ്ട് പിന്നൊരിക്കൽ ആവാം എന്ന് ഞാൻ പറഞ്ഞില്ല .ഞാൻ ചോദിച്ചു നിനക്ക് ധൈര്യം ഉണ്ടോ എന്റെ കൂടെ വരാൻ എന്ന് ....ഏറ്റവും അപകടം പിടിച്ച ഏർപ്പാടാണ് പക്ഷെ എനിക്കപ്പോൾ അതാണ് ശരി എന്ന് തോന്നി .....അപ്പോൾ അവൾ എന്നോട് പറഞ്ഞു "ജനിച്ചാൽ നമ്മളൊക്കെ ഒരുനാൾ മരിക്കും അതിനെക്കുറിച്ചോർത് എനിക്ക് ഭയമില്ല ഒരു ദിവസമാണെങ്കിൽ ഒരുദിവസം രാജാവിനെപ്പോലെ ........."എന്നെ കൊണ്ട് പോകാൻ ധൈര്യം ഉണ്ടോ എന്ന് .......ഞാൻ ഒന്ന് ചിരിച്ചു എന്നിട്ട് പറഞ്ഞു മോനെ കുറച്ചു സമയം നോക്കൂ ഞാൻ ഇപ്പോൾ വരാം എന്ന് .... നേരെ കൊച്ചിയിലെ സുഹൃത്തുക്കളുടെ അടുത്തേക്ക് .സ്റ്റേഡിയത്തിൽ കൂടെ നിൽക്കാൻ നാലുപേരെ ഏർപ്പാടാക്കി ടിക്കറ്റ് എടുത്തു .അടിയന്തിര സാഹചര്യത്തിൽ പുറത്തിറങ്ങാനുള്ള വഴികൾ ,ഹോസ്പിറ്റൽ എത്തിക്കാനുള്ള മാർഗങ്ങൾ എന്നിവ മനസിലാക്കി ...തിരിച്ചു വീട്ടിൽ വന്നപ്പോൾ അവൾ ചോദിച്ചു അപ്പോൾ നമ്മൾ നാളെ കളികാണാൻ പോകും അല്ലെ ?എനിക്കറിയാം എല്ലാംഒപ്പിച്ചാണ് വരവെന്ന് ....കീമോയുടെ ഷീണത്തിലും കണ്ണുകളിലെ തിളക്കം ഞാൻ കണ്ടു . പിറ്റേന്ന് ഞങ്ങൾ സ്റ്റേഡിയത്തിലേക് ..നിഴലുപോലെ കൂട്ടുകാർ ,സപ്പോർട്ട് തന്നു കേരളാപോലീസ് ,സ്റ്റേഡിയത്തിലെ എമർജൻസി ആംബുലൻസ് സർവീസ് ...ഒടുവിൽ പതിനായിരങ്ങളുടെ നടുവിൽ നടുവിൽ അസുഖത്തിന്റെ എല്ലാ വിഷമതകളും മറന്ന് എന്റെ മൊബൈൽ വാങ്ങി ഫ്‌ളാഷ് ലൈറ്റ് മിന്നിച്ചു ആർത്തുവിളിച്ചു സച്ചിനെ അഭിവാദ്യം ചെയ്യുന്ന കാഴ്ച .....അന്നായിരുന്നു അവളെ കാണാൻ ഏറ്റവും സൗന്ദര്യം .....ബ്ലാസ്റ്റേഴ്‌സ് ..സച്ചിൻ ...ആർപ്പുവിളികൾക്കിടയിൽ എല്ലാ വേദനകളും മറന്നു ഞങ്ങൾ .........ഒരുപക്ഷെ കീമോ കഴിഞ്ഞു നാലാം ദിവസം നിറഞ്ഞ സ്റ്റേഡിയത്തിൽ ആർത്തുവിളിച്ചു കളി കണ്ട ആൾ എന്റെ അച്ചു മാത്രമായിരിക്കും . അച്ചുവെന്നാൽ അതാണ് കടുത്ത പ്രതിസന്ധിയിലും ..മരണത്തിന്റെ മുന്നിൽപോലും പതറാത്ത ആ മനസിന്റെ കരുത്തു മാതൃക ആക്കെണ്ടതുതന്നെ ആണ് ........കരുത്തനായ മരണമെന്ന ശത്രുവിനെ പോലും വിറപ്പിച്ചുകൊണ്ടുതന്നെയാണ് അവൾ യാത്രയായത് ...."പ്രതിസന്ധികൾ ഉണ്ടാവും തോറ്റുകൊടുക്കരുത് അവസാന ശ്വാസം വരെയും പോരാടണം .......ജീവിതം സുന്ദരമാണ് ഒരു സെക്കന്റുപോലും പാഴാക്കരുത് പരമാവധി ആസ്വദിക്കുക ....എല്ലാവര്‍ക്കും നല്ലതേ വരൂ ...........

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News