ജനജാഗ്രതായാത്രക്ക് വിവാദ ആഡംബര കാര്‍: വീഴ്ച പറ്റിയെന്ന് സിപിഎം

Update: 2018-05-26 23:13 GMT
Editor : Sithara
ജനജാഗ്രതായാത്രക്ക് വിവാദ ആഡംബര കാര്‍: വീഴ്ച പറ്റിയെന്ന് സിപിഎം
Advertising

ജനജാഗ്രതായാത്രയ്ക്കിടെ സ്വര്‍ണക്കടത്തുകാരന്‍റെ വാഹനം സ്വീകരണത്തിന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വീഴ്ച പറ്റിയതായി സിപിഎം ജില്ലാകമ്മറ്റി.

ജനജാഗ്രത യാത്രയ്ക്കിടെ സ്വര്‍ണക്കടത്തുകാരന്‍റെ വാഹനം സ്വീകരണത്തിന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വീഴ്ച പറ്റിയതായി സിപിഎം ജില്ലാകമ്മറ്റി. പ്രദേശിക നേതൃത്വം ജാഗ്രത പുലര്‍ത്തിയില്ലെന്നും ജില്ലാ നേതൃത്വം വിലയിരുത്തി. വിവാദമുണ്ടാക്കാനിടയുള്ള വാഹനം ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ നിലപാട്.

Full View

ജനജാഗ്രതായാത്രയിലെ വാഹന വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗത്തില്‍ രൂക്ഷവിമര്‍ശമാണ് ഉയര്‍ന്നത്. ജനജാഗ്രതായാത്രയുടെ നിറം കെടുത്തുന്ന രീതിയിലേക്ക് സംഭവത്തെ ശത്രുക്കള്‍ക്ക് ഉപയോഗിക്കാന്‍ അവസരം നല്‍കിയെന്നായിരുന്നു ഭൂരിഭാഗം നേതാക്കളുടേയും നിലപാട്. തുടര്‍ന്നാണ് കൊടുവള്ളിയിലെ പ്രാദേശിക സംഘാടക സമിതി വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്ന് പാര്‍ട്ടി വിലയിരുത്തിയത്. സ്വീകരണത്തിന് ഏര്‍പ്പാടാക്കിയ വാഹനത്തിന് തകരാര്‍ സംഭവിച്ചാല്‍ വിവാദത്തിന് ഇടയാക്കാവുന്ന വാഹനം ഒരു കാരണവശാലും ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. ഈ വിഷയത്തില്‍ വീഴ്ചയുടെ പൂര്‍ണ ഉത്തരവാദിത്വം പ്രാദേശിക സംഘാടക സമിതിക്കാണെന്നും ജില്ലാ കമ്മറ്റി വ്യക്തമാക്കി.

എന്നാല്‍ ജാഥാലീഡര്‍ക്ക് വാഹനം ആരുടേതാണെന്ന് അറിയില്ലായിരുന്നു. അതിനാല്‍ തന്നെ കോടിയേരി ബാലകൃഷ്ണനെയും എല്‍ഡിഎഫ് ജാഥയെയും ആക്ഷേപിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും സിപിഎം ജില്ലാ നേതൃത്വം പറഞ്ഞു. എംഎല്‍എമാരായ കാരാട്ട് റസാഖ്, പിടിഎ റഹീം എന്നിവരടക്കമുള്ള സംഘാടക സമിതിയേയാണ് സിപിഎം ജില്ലാ നേതൃത്വം തള്ളിക്കളഞ്ഞത്. വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ നാളെ കൊടുവള്ളിയില്‍ രാഷ്ട്രീയ വിശദീകരണ യോഗവും സംഘടിപ്പിച്ചിട്ടുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News