ചുഴലിക്കാറ്റ്; മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ചയുണ്ടായതായി കേരളത്തിന്റെ ആരോപണം
കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും ദുരന്തനിവാരണ സേനയും ജാഗ്രത കാട്ടിയില്ല
ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിൽ അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായി എന്നാണ് കേരളത്തിന്റെ ആരോപണം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും ദുരന്തനിവാരണ സേനയും ജാഗ്രത കാട്ടിയില്ല. മുന്നറിയിപ്പ് ലഭിക്കാൻ വൈകിയെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.
മൂന്ന് ദിവസം മുൻപേ തന്നെ കന്യാകുമാരിക്കടുത്ത് കനത്ത ന്യൂനമർദ്ദം രൂപം കൊണ്ടിരുന്നുവെങ്കിലും ഇന്നലെ രാവിലെ 11 മണിക്ക് മാത്രമാണ് ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് അധികൃതർ നൽകിയത്. ഇതോടെ രക്ഷപ്രവർത്തനവും താളം തെറ്റി. മുന്നറിയിപ്പ് വൈകിയെന്ന് സർക്കാരും സ്ഥിരീകരിച്ചു.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് സാധാരണ രീതിയിൽ ദുരന്തനിവാരണ സേന പ്രവർത്തിക്കാറുളളത്. ന്യൂനമർദ്ദം രൂപപ്പെട്ടത് അറിയിച്ചെങ്കിലും ചുഴലിക്കാറ്റിന്റെ മുന്നറിയപ്പ് ലഭിച്ചില്ലെന്നാണ് ദുരന്തനിവാരണ സേന ആരോപിക്കുന്നത്. എന്നാൽ ന്യൂന മർദ്ദം ചുഴലിക്കാറ്റായി മാറിയത് രാവിലെ 11 മണിയോടെ മാത്രമാണെന്നും മുൻകൂട്ടിയുളള പ്രവചനം പ്രായോഗികമല്ലെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിശദീകരണം.കേരള തീരത്ത് ന്യൂനമർദ്ദം സാധാരണമാണ്. അപൂർവമായി മാത്രമേ ചുഴലിക്കാറ്റ് രൂപം കൊള്ളാറുളളു. ഇതിന് പുറമേ കാറ്റിന്റെ പ്രഭവ കേന്ദ്രം തീരത്തിന് വളരെ അടുത്തായതും തിരിച്ചടിയായി. സെപ്തംബർ മുതൽ നവംബർ വരെ ന്യൂനമർദ്ദം രൂപപ്പെടാറുണ്ടെങ്കിലും നാല് വർഷത്തിനിടെ ഇത്രയടുത്ത് എത്തുന്നത് ഇതാദ്യമായാണെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.