കൊട്ടക്കമ്പൂര്‍ ഭൂമി വിവാദം; സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം

Update: 2018-05-26 18:54 GMT
Editor : Jaisy
കൊട്ടക്കമ്പൂര്‍ ഭൂമി വിവാദം; സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം
Advertising

രണ്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

കൊട്ടക്കമ്പൂര്‍ ഭൂമി തട്ടിപ്പ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. ജോയ്‌സ് ജോര്‍ജ് എംപിയും കുടുംബവും ആരോപണ വിധേയരായ കേസിലാണ് കോടതിയുടെ നടപടി. രണ്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കാനാണ് നിർദ്ദേശം.

ഭൂമി തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി സ്വദേശികളായ മുകേഷ്, എന്‍ കെ ബിജു എന്നിവര്‍ സമര്‍പ്പിച്ച ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസിൽ അന്വേഷണം പൂർത്തിയാക്കാൻ നേരത്തെ ഒരു മാസം സമയം കോടതി അനുവദിച്ചിരുന്നു. ഇന്ന് ഹരജി പരിഗണിച്ചപ്പോൾ സർക്കാർ വീണ്ടും കൂടുതൽ സമയം ആവശ്യപ്പെട്ടു. ഇതേതുടർന്ന് രണ്ട് മാസം കൂടി അനുവദിച്ച കോടതി ഈ സമയത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന അന്ത്യശാസനവും നൽകി. 2015 മുതല്‍ കേസില്‍ അന്വേഷണം നടക്കുന്നത് കോടതിയുടെ മേല്‍നോട്ടത്തിലാണ്. അന്വേഷണത്തില്‍ എന്തെങ്കിലും പ്രശ്‌നമുള്ളതായി കോടതി ഇതുവരെ നിരീക്ഷിച്ചിട്ടില്ല. ഈ പശ്ചാത്തലത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നണ് പ്രോസിക്യൂഷന്‍ വാദം. കൊട്ടക്കാമ്പൂര്‍ ഭൂമി കയ്യേറ്റത്തില്‍ എട്ട് പേരുടെ പരാതികളുടെ അടിസ്ഥാനത്തില്‍ ദേവികുളം പൊലീസ് സ്‌റ്റേഷനില്‍ അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News