കണ്ണൂരില്‍ മുങ്ങിമരിച്ച കുട്ടികളുടെ സംസ്കാരം നാളെ
ബന്ധുക്കളായ അഞ്ച് കുട്ടികള്‍ ഇന്നലെയാണ് പുഴയില്‍ മുങ്ങി മരിച്ചത്.
കണ്ണൂര്‍ പയ്യാവൂരില്‍ പുഴയില്‍ മുങ്ങി മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചു. തിരൂര്‍ സെന്റ് ഫ്രാന്‍സിസ് അസീസി പളളി സെമിത്തേരിയില്‍ പ്രത്യേകം തയ്യാറാക്കിയ കല്ലറയിലാണ് അഞ്ച് കുട്ടികളുടെയും മൃതദേഹങ്ങള്‍ സംസ്ക്കരിച്ചത്. വിവിധ പ്രദേശങ്ങളില്‍ നിന്നായി രാവിലെ മുതല്‍ നൂറുകണക്കിനാളുകളായിരുന്നു കുട്ടികള്‍ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ പയ്യാവൂരിലേക്ക് ഒഴുകിയെത്തിയത്.
ഒരിജ, സ്റ്റെഫാന്‍, മാനിക്, അഖില്‍, ആയല്‍... കോരിച്ചൊരിയുന്ന കണ്ണീര്‍ മഴയെ സാക്ഷി നിര്‍ത്തി അവര്‍ ഓര്മ്മപകളില്‍ മറഞ്ഞു. മരണത്തിന്റെ ആഴക്കയങ്ങളിലേക്ക് ഒന്നിച്ചിറങ്ങിയ ഈ സഹോദരങ്ങളുടെ മൃതദേഹങ്ങളും ഒരേ കല്ലറയിലായിരുന്നു അടക്കം ചെയ്തത്. രാവിലെ ഒമ്പത് മണിയോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹങ്ങള്‍ ആദ്യം എത്തിച്ചത് പയ്യാവൂര്‍ സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു.
തുടര്‍ന്ന് സേക്രട്ട് ഹാര്‍ട്ട് ഹൈസ്കൂളിലേക്ക്. വികാര ഭരിതമായ യാത്രയയപ്പായിരുന്നു രണ്ടിടത്തും സഹപാഠികളും അധ്യാപകരുമടക്കമുളളവര്‍ ഈ പിഞ്ചോമനകള്‍ക്ക് നല്‍കിയത്. തുടര്‍ന്ന് അതാത് വീടുകളിലെത്തിച്ച മൃതദേഹങ്ങള്‍ മൂന്ന് മണിയോടെ തിരൂര്‍ സെന്റ് ഫ്രാന്‍സിസ് അസീസി പളളിയിലെത്തിച്ചു. പളളിയിലെ അന്ത്യകൂദാശ ചടങ്ങുകള്‍ക്ക് ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലേക്കാട്ട്, സഹായ മെത്രാന്‍ ജോസഫ് പണ്ടാരശേരി തുടങ്ങിയവര്‍ നേതൃത്വം നല്കി.
തുടര്‍ന്ന് ഒരു മണിക്കൂറോളം പളളി മുറ്റത്ത് മൃതദേഹങ്ങള്‍ വീണ്ടും പൊതു ദര്‍ശനത്തിന് വെച്ചു. നാടിന്റെ നൊമ്പരമായി മാറിയ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ നാടൊട്ടുക്ക് തിരൂരിലേക്ക് ഒഴുകിയെത്തുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി കെ.കെ ശൈലജ, മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി, എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവരും കുട്ടികള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.