പാണക്കാട് തങ്ങള്‍ക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ്: യുവാവിനും കുടുംബത്തിനും പള്ളിക്കമ്മിറ്റിയുടെ ഊരുവിലക്ക്
വയനാട് ജില്ലാ ഖാസിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ നവമാധ്യമത്തിലൂടെ മോശമായി ചിത്രീകരിച്ചുവെന്ന് കാണിച്ച് യുവാവിനും കുടുംബത്തിനും പള്ളിക്കമ്മിറ്റിയുടെ ഊരുവിലക്കെന്ന് ആക്ഷേപം.
വയനാട് ജില്ലാ ഖാസിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ നവമാധ്യമത്തിലൂടെ മോശമായി ചിത്രീകരിച്ചുവെന്ന് കാണിച്ച് യുവാവിനും കുടുംബത്തിനും പള്ളിക്കമ്മിറ്റിയുടെ ഊരുവിലക്കെന്ന് ആക്ഷേപം. വയനാട് അമ്പവയല്‍ ആനപ്പാറ കൂരിമണ്ണില്‍ മേലേമണ്ണില്‍ ലബീബിനും കുടുംബത്തിനുമാണ് കമ്മിറ്റി വിലക്ക് ഏര്‍പ്പെടുത്തിയത്.
തിരഞ്ഞെടുപ്പിന് ശേഷമാണ് ലബീബ് ഫേസ് ബുക്കില്‍ ഒരു ഫൊട്ടോ ഷെയര്‍ ചെയ്തത്. ലീഗ്-ബിജെപി ബന്ധത്തെ പരാമര്‍ശിയ്ക്കുന്നതായിരുന്നു പോസ്റ്റ്. ഇത് ഹൈദരലി തങ്ങളെ അപമാനിയ്ക്കുന്ന തരത്തിലാണെന്നു കാണിച്ചാണ് ഖിത്മദുല്‍ ഇസ്ലാം സംഘം ആനപ്പാറ ജുമാ മസ്ജിദ് കമ്മിറ്റി കുടുംബത്തിന് കത്ത് നല്‍കിയത്.
കുടുംബത്തില്‍ ഈ മാസം നടക്കുന്ന വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകള്‍ക്ക് പങ്കെടുക്കില്ലെന്ന് കത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങുകളില്‍ പള്ളി കമ്മിറ്റി ഭാരവാഹികളോ അംഗങ്ങളോ പങ്കെടുത്തുമില്ല. എന്നാല്‍, പല തവണ ആവശ്യപ്പെട്ടിട്ടും പള്ളിയിലെത്താന്‍ കുടുംബം തയ്യാറായില്ലെന്നും ഇതാണ് നോട്ടിസ് നല്‍കാന്‍ കാരണമെന്നും പള്ളി കമ്മിറ്റി പറയുന്നു.
കുടുംബത്തിനുണ്ടായ മാനക്കേടിന് കേസ് നല്‍കാനും മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കാനും ഒരുങ്ങുകയാണ് ലബീബും കുടുംബവും.