കരാറുകാര്‍ തമ്മില്‍ തര്‍ക്കം: കൊച്ചി മെട്രോ നിര്‍മാണം പ്രതിസന്ധിയിലേക്ക്
കരാര്‍ത്തുക കൂട്ടിച്ചോദിച്ച സോമ കണ്‍ട്രക്ഷനെ ഡിഎംആര്‍സി കരാറില്‍ നിന്ന് ഒഴിവാക്കി
ഡിഎംആര്‍സിയും കരാറുകാരായ സോമ കണ്‍സ്ട്രക്ഷന്‍സും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കൊച്ചി മെട്രോ നിര്‍മ്മാണം പ്രതിസന്ധിയിലേക്ക്. കരാര്‍ തുക വര്‍ദ്ധിപ്പിക്കണം എന്ന് നിലപാട് എടുത്ത സോമ കണ്‍സ്ട്രക്ഷന്‍സിനെ ഡിഎംആര്‍സി കരാറില്‍ നിന്ന് ഒഴിവാക്കി. ഇതോടെ മഹാരാജാസ് കോളേജ് മുതല്‍ എറണാകുളം സൌത്ത് വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള് നിലച്ചു.
നവംബര്‍ ഒന്നിന് മെട്രോ സര്‍വീസ് ആരംഭിക്കുമെന്ന പ്രഖ്യാപനം യാഥാര്‍ത്ഥ്യമാകുമോ എന്ന ആശങ്ക നിലനില്‍ക്കെയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തത്. നിലവിലെ കരാര് തുകയില്‍ നിന്ന് 40 ശതമാനം തുക അധികമായി നല്‍കണമെന്നാണ് സോമ കണ്‍സ്ട്രക്ഷന്‍സിന്റെ നിലപാട്. ഇത് അംഗീകരിക്കാന്‍ ഡിഎംആര്‍സി തയ്യാറായില്ല. തുക വര്ധിപ്പിക്കാതെ പ്രവൃത്തി തുടരാനാവില്ലെന്ന് സോമ കണ്‍സ്ട്രക്ഷന്‍സ് നിലപാട് എടുത്തതോടെ ഡിഎംആര്സി കരാര്‍ പിന്‍വലിച്ചു.
സ്ഥലം ഏറ്റെടുപ്പ് വൈകിയതോടെ മഹാരാജാസ് മുതല് എറണാകുളം സൌത്ത് വരെയുള്ള നിര്‌മാണ പ്രവൃത്തികള്‍ വൈകിയാണ് ആരംഭിച്ചത്. ഇത് തന്നെയാണ് തുക കൂട്ടി നല്കണം എന്ന ആവശ്യം ഉന്നയിക്കുന്നതിന്റെയും കാരണം. സോമ പിന്‍മാറിയ സാഹചര്യത്തില്‍ പുതിയ കമ്പനിയെ കണ്ടെത്തുക എന്നത് ഡിഎംആര്സിക്ക് ശ്രമകരമാണ്. മറ്റ് കരാറുകാരായ എല്‍ആന്‍ഡി ടി, സെറാ ഗ്രൂപ്പ് എന്നിവയെ ചുമതല ഏല്‍പ്പിക്കാനാണ് സാധ്യത. എന്നാല്‍ സമയ ബന്ധിതമായി നിര്‍മാണം പൂര്‍ത്തിയകുമോ എന്നത് അപ്പോഴും സംശയമാണ്.