ബജറ്റില്‍ നിറഞ്ഞും പരിഗണനയില്‍ മനസ്സ് നിറഞ്ഞും ആലപ്പുഴ
റോഡുകളും തോടുകളും അനുവദിക്കുന്ന സാധാരണ പ്രഖ്യാപനങ്ങള്‍ക്കു പുറമേയാണ് ബജറ്റില്‍ ആലപ്പുഴ നിറഞ്ഞു നിന്നത്.
ഇടതു സര്‍ക്കാരിന്റെ ആദ്യബജറ്റില്‍ ധനമന്ത്രി സ്വന്തം ജില്ലയെ കാര്യമായി പരിഗണിച്ചു. ആലപ്പുഴ ജില്ലയുടെ കാര്‍ഷിക വിനോദ സഞ്ചാരമേഖലകളെ പ്രത്യേക പരിഗണന നല്‍കിയതാണ് ആലപ്പുഴ മണ്ഡലത്തിന്റെ ജനപ്രതിനിധിയായ തോമസ് ഐസക്കിന്റെ ഏഴാം ബജറ്റ്.
റോഡുകളും തോടുകളും അനുവദിക്കുന്ന സാധാരണ പ്രഖ്യാപനങ്ങള്‍ക്കു പുറമേയാണ് ബജറ്റില്‍ ആലപ്പുഴ നിറഞ്ഞു നിന്നത്. കുട്ടനാടിന്റെ കാര്‍ഷിക മേഖലയെ കാര്യമായാണ് പരിഗണിച്ചിരിക്കുന്നത്. നെല്ലറയുടെ പരിസ്ഥിതി സംരക്ഷണത്തിനാണ് പ്രത്യേകപദ്ധതി. ജില്ലയിലെ തീരദേശ മേഖലയുടെ നിരന്തര പ്രശ്‌നമായ കടലാക്രമണത്തെ നേരിടാന്‍ 300കോടിയാണ് നീക്കി വച്ചിരിക്കുന്നത്. ജല ഗതാഗതമേഖലയുടെ ആധുനീകരണത്തിന് 400കോടിയുണ്ട്. ഇത് ഉപയോഗപ്പെടുത്താനാണ് ആലപ്പുഴയില്‍ നവീന ജല ഗതാഗത പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
ബോട്ട് ജെട്ടിയും കെഎസ്ആര്‍ടിസിയും ബന്ധിപ്പിച്ച് മൊബിലിറ്റി ഹബ്, ആലപ്പുഴ കുട്ടനാട് ചങ്ങനാശ്ശേരി കോട്ടയം വഴി ജലഗതാഗത പദ്ധതി, കായംകുളത്ത് കോടതി സമുച്ചയം, നെല്ലിനെ അടിസ്ഥാനമാക്കി അഗ്രോപാര്‍ക്ക് മുസ്‍രിസ് പദ്ധതിയുടെ മാതൃകയില്‍ ആലപ്പുഴയില്‍ പൈതൃക ടൂറിസം പദ്ധതിയടക്കം നിരവധി പ്രഖ്യാപനങ്ങളാണ് ആലപ്പുഴക്കുള്ളത്. സ്വന്തം മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കെഎസ്ഡിപിയുടെ സംരക്ഷണത്തിനും ധനമന്ത്രി തന്റെ ബജറ്റില്‍ ഇടം നല്‍കി.
കയര്‍ മേഖലക്ക് കാര്യമായ പരിഗണനയാണ് നല്‍കിയത്. കയര്‍ വിലസ്ഥിരതാഫണ്ട് 17കോടിയില്‍ നിന്ന് നൂറ് കോടിയാക്കി ഉയര്‍ത്തി. കയര്‍ മേഖലയുടെ വികസനത്തിന് കഴിഞ്ഞ ബജറ്റില്‍ 116 കോടി അനുവദിച്ചിട്ട് 68 കോടി മാത്രമാണ് ചെലവഴിച്ചതെന്ന് വിമര്‍ശിക്കുന്ന ബജറ്റ് അതു കൂടി ഉള്‍പ്പെടുത്തി 232 കോടിയാണ് അനുവദിച്ചിരിക്കുന്നത്.
പുന്നപ്ര വയലാര്‍ സമരനേതാക്കള്‍ക്ക് 2011 മുതലുള്ള ഡിഎ കുടിശിക തീര്‍ക്കാനും പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപം നിലകൊള്ളുന്ന വലിയചുടുകാടിന്റെ സംരക്ഷണത്തിന് 50ലക്ഷം അനുവദിക്കാനും തോമസ് ഐസക് മറന്നില്ല.