ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടറുടെ കാലാവധി വീണ്ടും നീട്ടി
ജയന്തി നരേന്ദ്രനാഥിനെ തത്സ്ഥാനത്ത് നിലനിര്‍ത്താന്‍ കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ വഴിവിട്ട ശ്രമങ്ങള്‍ക്ക് പുറമെയാണ് ഇപ്പോഴുള്ള ഈ നീക്കം
ചലച്ചിത്ര അക്കാദമിയില്‍ സേവന കാലാവധി കഴിഞ്ഞ ഡെപ്യൂട്ടി ഡയറക്ടറുടെ കാലാവധി നീട്ടി കൊടുക്കാന്‍ സാംസ്‌കാരിക മന്ത്രിയുടെ ഓഫീസില്‍ നിന്നു നിര്‍ദ്ദേശം. ചലച്ചിത്ര അക്കാദമി പ്രോഗ്രാംസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജയന്തി നരേന്ദ്രനാഥിനെ തത്സ്ഥാനത്ത് നിലനിര്‍ത്താന്‍ കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ വഴിവിട്ട ശ്രമങ്ങള്‍ക്ക് പുറമെയാണ് ഇപ്പോഴുള്ള ഈ നീക്കം.
2012 ജൂലായ് 10 നാണ് ജയന്തി ചലച്ചിത്ര അക്കാദമി പ്രോഗ്രാംസ് ഡെപ്യൂട്ടി ഡയറക്ടറായി നിയമിതയായത്. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമായിരുന്നു. ഇത് പിന്നീട് അന്നത്തെ അക്കാദമി സെക്രട്ടറി ഇടപെട്ട് നീട്ടികൊടുക്കുകയായിരുന്നു. ഇവരുടെ സേവന കാലാവധി നീട്ടികൊടുത്തതില്‍ ചട്ടലംഘനം ഉണ്ട് എന്ന് കാണിച്ച് ഹൈക്കോടതി അടക്കം ജയന്തിയെ ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കണം എന്ന് നിര്‍ദ്ദേശിച്ചിരുന്നു.
കോടതിയലക്ഷ്യം ആണ് എന്ന് അറിഞ്ഞിട്ടും കഴിഞ്ഞ സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവോടെയാണ് പിന്നീട് ഈ സ്ഥാനത്ത് അവര്‍ തുടര്‍ന്നത്. കഴിഞ്ഞ സര്‍ക്കാര്‍ നീട്ടികൊടുത്ത കാലാവധി ഈ മാസം 9 ന് അവസാനിച്ചിരിക്കെ വീണ്ടും ഇവരെ തസ്ഥാനത്ത് നിലനിര്‍ത്താന്‍ സാംസ്‌കാരിക മന്ത്രിയുടെ ഓഫിസില്‍ നിന്നാണ് നിര്‍ദ്ദേശം ഉണ്ടായിരിക്കുന്നത്. ഈ വിഷയത്തിലുള്ള ചട്ടലംഘനം നിലവിലുള്ള അക്കാദമി സെക്രട്ടറി ചൂണ്ടിക്കാട്ടിയപ്പോള്‍ സാംസ്കാരിക വകുപ്പ് സെക്രട്ടറി നേരിട്ട് വിഷയത്തില്‍ ഇടപ്പെട്ട് ജയന്തിയെ തുടരാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു.