പക്ഷിപ്പനി മൂലം ചത്ത താറാവുകളെ കത്തിക്കും
തൽക്കാലം ചത്ത താറാവുകളെ കത്തിക്കാനാണ് അധികൃതരുടെ തീരുമാനം.
പക്ഷിപ്പനി ലക്ഷണമുള്ള താറാവുകളെ മാത്രം കൊന്ന് കത്തിക്കാനുള്ള മൃഗ സംരക്ഷണ വകുപ്പിന്റെ തീരുമാനത്തോട് കർഷകർക്ക് എതിർപ്പ്. കൊല്ലുകയാണെങ്കിൽ എല്ലാ താറാവുകളെയും കൊല്ലണമെന്ന് കർഷകർ ആവശ്യപ്പെട്ടു. തൽക്കാലം ചത്ത താറാവുകളെ കത്തിക്കാനാണ് അധികൃതരുടെ തീരുമാനം.
മൃഗസംരക്ഷണ വകുപ്പ് രൂപം കൊടുത്ത ദ്രുതകർമ സേന കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലെത്തിയപ്പോഴാണ് കർഷകർ എതിർപ്പുമായി രംഗത്ത് വന്നത്. നിലവിൽ രോഗം ബാധിച്ചെന്ന കണ്ടെത്തുന്ന താറാവുകളെ മാത്രം കൊന്നാൽ പിന്നീട് രോഗം വരുന്നവരെ എന്തു ചെയ്യുമെന്നാണ് കർഷകരുടെ ചോദ്യം. തങ്ങൾക്ക് യാതൊരു നഷ്ടപരിഹാരവും പ്രഖ്യാപിക്കാതെയുള്ള നടപടി അംഗീകരിക്കാനാവില്ലെന്നാണ് കർഷകരുടെ നിലപാട്.
കർഷകരുടെ എതിർപ്പിനെ തുടർന്ന് ചത്ത താറാവുകളെ മാത്രം കത്തിക്കും. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. രോഗം സ്ഥിരീകരിക്കുന്ന താറാവുകളെ എന്തു ചെയ്യണമെന്ന കാര്യത്തിൽ നാളെ അതാത് സ്ഥലങ്ങളിൽ പഞ്ചായത്ത് തല യോഗം ചേർന്ന് തീരുമാനമെടുക്കും. നഷ്ടപരിഹാരം സംബന്ധിച്ച് പ്രശ്നം കളക്ടറുടെ ശ്രദ്ധയിൽ പെടുത്താനും ദ്രുതകർമ സേന തീരുമാനിച്ചു.