വിദ്യാർഥിയെ മർദിച്ച കേസ്: കൃഷ്ണദാസിന് ജാമ്യമില്ല

Update: 2018-05-27 08:36 GMT
വിദ്യാർഥിയെ മർദിച്ച കേസ്: കൃഷ്ണദാസിന് ജാമ്യമില്ല
Advertising

ലക്കിടി നെഹ്റു കൊളജ് വിദ്യാർഥിയെ മർദിച്ച കേസിൽ നെഹ്റു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസിന്‍റെ ജാമ്യാപേക്ഷ തള്ളി.

ലക്കിടി കോളേജില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചകേസില്‍ നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നാളെ വിധി പറയും. കേസില്‍ കൃഷ്ണദാസിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പ്രൊസിക്കൂഷന്‍ വാദിച്ചപ്പോള്‍ അറസ്റ്റ് സംശയാസ്പദമാണെന്ന് പ്രതിഭാഗം പറഞ്ഞു. പി ആര്‍ ഓ സഞ്ജിത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും കോടതി നാളെ വിധി പറയും. അതിനിടെ കൃഷ്ണദാസ് ഉള്‍പ്പടെ 3 പ്രതികളുടെ ജാമ്യാപേക്ഷ വടക്കാഞ്ചേരി കോടതി തള്ളി.

ലക്കിടി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ഷഹീര്‍ ഷൗക്കത്തലിയെ ഭീഷണിപ്പെടുത്തി മര്‍ദ്ദിച്ച കേസില്‍ വടക്കാഞ്ചേരി കോടതി ജാമ്യം നിഷേധിച്ചതോടെയാണ് പി കൃഷ്ണദാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ നിര്‍ണായകമായത്. പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാതെളിവുകള്‍ ഉണ്ടെന്നും പ്രതിയില്‍ കസ്റ്റഡിയില്‍ ലഭിച്ചാല്‍ മാത്രമേ കോളേജിലെ കംപ്യൂട്ടറുകളില്‍ നിന്നുമെല്ലാം തെളിവുകള്‍ ശേഖരിക്കാനാലവൂവെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.

Full View

അതേസമയം മുന്നറിയിപ്പില്ലാതെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയത് സംശയാസ്പദമാണെന്നും ജിഷ്ണു പ്രണോയുടെ അമ്മ സമരം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പെട്ടെന്ന് അറസ്റ്റ് ചെയ്തതെന്നും പ്രതിഭാഗം പറഞ്ഞു. ബാഹ്യസമ്മര്‍ദ്ദങ്ങള്‍ കേസിലുണ്ടെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ കേസില്‍ ആദ്യം നല്‍കിയ മൊഴി എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തുന്നതില്‍ വീഴ്ച്ച സംഭവിച്ചതിനാലാണ് പിന്നീട് വിശദമായ മൊഴി രേഖപ്പെടുത്തിയതെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.

അതേസമയം 16 ന് ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തിയിട്ട് 20 ന് പെട്ടെന്ന് അറസ്റ്റ് ചെയ്യാന്‍ എന്താണ് കാരണമെന്ന് കോടതി ചോദിച്ചു. കോളേജില്‍ പ്രവേശിക്കാന്‍ വിലക്കുള്ള കൃഷ്ണദാസ് എങ്ങനെയാണ് തെളിവുകള്‍ നശിപ്പിക്കുക. പ്രതി കസ്റ്റഡിയിലില്ലെങ്കിലും തെളിവുകള്‍ ശേഖരിക്കാവുന്നതല്ലേയെന്ന് ചോദിച്ച കോടതി പൊലീസ് പറയുന്നത് ശരിയാണോ എന്നറിയാന്‍ സ്‌റ്റേഷനിലെ കംപ്യൂട്ടറുകള്‍ പൊളിച്ചുനോക്കേണ്ടിവരുമെന്നും പറഞ്ഞു.

മറ്റ് കേസുകളിലെ ഷഹീറിന്റെ മൊഴി കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട കോടതി വികാരത്തിനടിപ്പെട്ട് ഉത്തരവെഴുതാനാകില്ലെന്നും ഓര്‍മിപ്പിച്ചു. അതിനിടെ കേസില്‍ എഫ്‌ഐആര്‍ തയ്യാറാക്കിയതിലെ പൊലീസ് വീഴ്ച്ച സംബന്ധിച്ച് വകുപ്പ് തല അന്വേഷണം ആരംഭിച്ചു.

Tags:    

Similar News