മനോരോഗിയെന്നാരോപിച്ച് മാതാപിതാക്കള്‍ തടവിലാക്കിയ ലേഡി ഡോക്ടറെ ഹാജരാക്കണമെന്ന് ഹൈക്കോടതി
തൃശൂര്‍ ഒളരിയില്‍ ദന്തല്‍ ക്ലിനിക്ക് നടത്തുന്ന ഡോക്ടറെ മാതാപിതാക്കള്‍ ഉപരിപഠനം തടഞ്ഞും വിവാഹം കഴിപ്പിച്ചയക്കാതെയും പീഡിപ്പിക്കുന്നുവെന്നാണ് പരാതി.
മനോരോഗിയെന്നാരോപിച്ച് മാതാപിതാക്കള്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 28 കാരിയായ ഡോക്ടറെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ഹൈക്കോടതി നിര്‍ദേശം. തൃശൂര്‍ സ്വദേശിനിയായ ഡോക്ടറെ കാണാതായതായി പെണ്ണൊരുമ എന്ന സംഘടന നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയിലാണ് കോടതി ഉത്തരവ്.
തൃശൂര്‍ ഒളരിയില്‍ ദന്തല്‍ ക്ലിനിക്ക് നടത്തുന്ന ഡോക്ടറെ മാതാപിതാക്കള്‍ ഉപരിപഠനം തടഞ്ഞും വിവാഹം കഴിപ്പിച്ചയക്കാതെയും പീഡിപ്പിക്കുന്നുവെന്നാണ് പരാതി. നേരത്തെ ഹരജി പരിഗണിച്ചപ്പോള്‍ ഡോക്ടറെ ഹൈക്കോടതിയില്‍ നേരിട്ടെത്തിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ ആരോഗ്യനിലമോശമാണെന്നും അതിനാല്‍ ഹാജരാക്കാന്‍ കഴിയില്ലെന്നുമായിരുന്നു വിശദീകരണം.
ഉച്ചയ്ക്ക ശേഷം പെണ്‍കുട്ടിയെ ഹാജരാക്കണമെന്ന കോടതി കര്‍ശനം നിര്‍ദേശം നല്‍കി. ഇതോടെ പോലിസ് സംഘം ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തി പെണ്‍കുട്ടിയെ ആംബുലന്‍സില്‍ എത്തിച്ചു. സഹായം അഭ്യര്‍ത്ഥിച്ച് ത്യശൂരിലെ അഭിഭാഷകയായ സീമയെയായിരുന്നു പെണ്‍കുട്ടി വിളിച്ചിരുന്നത്. എറണാകുളം ഡി എം ഒയുടെ നിര്‍ദേശ പ്രകാരം ആവശ്യമെങ്കില്‍ മാത്രം മാതാപിതാക്കള്‍ മകളെ സന്ദര്‍ശിക്കാമെന്നുമാണ് കോടതി ഉത്തരവ്.