ആലപ്പുഴയില്‍ കനാലുകള്‍ മാലിന്യ കേന്ദ്രങ്ങള്‍; പനിക്കാലത്തും മാലിന്യം നീക്കുന്നില്ല

Update: 2018-05-27 00:34 GMT
Editor : rishad
ആലപ്പുഴയില്‍ കനാലുകള്‍ മാലിന്യ കേന്ദ്രങ്ങള്‍; പനിക്കാലത്തും മാലിന്യം നീക്കുന്നില്ല
Advertising

ജില്ലാ കേന്ദ്രത്തിലായിട്ടും ഇപ്പോഴത്തെ മാലിന്യ നിര്‍മാര്‍ജന പരിപാടികളിലൊന്നും ആലപ്പുഴയിലെ കനാലുകള്‍ ഉള്‍പ്പെട്ടിട്ടില്ല

പകര്‍ച്ചവ്യാധികള്‍ പടരുന്ന കാലത്ത് അതിന് ആക്കം കൂട്ടുന്ന രീതിയില്‍ മാലിന്യകേന്ദ്രങ്ങളായിത്തന്നെ തുടരുകയാണ് ആലപ്പുഴ നഗരത്തിലെ കനാലുകള്‍. ജില്ലാ കേന്ദ്രത്തിലായിട്ടും ഇപ്പോഴത്തെ മാലിന്യ നിര്‍മാര്‍ജന പരിപാടികളിലൊന്നും ആലപ്പുഴയിലെ കനാലുകള്‍ ഉള്‍പ്പെട്ടിട്ടില്ല. മലിനജലം കെട്ടിക്കിടക്കുന്നതിനും കൊതുകുകള്‍ പെരുകുന്നതിനും മാത്രമുള്ള സ്ഥലങ്ങളാണ് ഇപ്പോള്‍ ഇവ. ആലപ്പുഴയില്‍ നഗരഹൃദയത്തിലെ ഏത് കനാലിന്റെ തീരത്ത് പോയി നിന്നാലും ഇപ്പോള്‍ ഇതാണ് അവസ്ഥ.

Full View

ദുര്‍ഗന്ധം മൂലം ഏറെ നേരമൊന്നും ഈ കനാലുകളുടെ തീരത്ത് നില്‍ക്കാനാവില്ലെന്നത് വേറെ കാര്യം. എല്ലാ കനാലുകളിലും നാട്ടുകാരും വിനോദ സഞ്ചാരികളും എല്ലാം കൊണ്ടു വന്നിട്ട മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നു. പനി പടര്‍ന്നപ്പോഴെങ്കിലും മറ്റെല്ലാ സ്ഥലത്തും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി ആരംഭിച്ചുവെങ്കില്‍ ആലപ്പുഴയിലെ കനാലുകള്‍ വൃത്തിയാക്കാന്‍ ഇപ്പോഴും ആരും ചെറുവിരല്‍ അനക്കിയിട്ടില്ല. നഗരസഭാ ആസ്ഥാനത്തിന് തൊട്ടുമുമ്പിലെ കനാലില്‍ പോലും മാലിന്യങ്ങള്‍ കെട്ടിക്കിടക്കുകയാണ്.

കനാല്‍ മാനേജ്‌മെന്റ് കമ്മിറ്റിയാണ് അവ വൃത്തിയാക്കേണ്ടതെന്നും അവര്‍ അത് ചെയ്യുന്നില്ലെന്നുമാണ് നഗരസഭയുടെ വിശദീകരണം. ടൂറിസം മന്ത്രി അദ്ധ്യക്ഷനായ കനാല്‍ മാനേജ്‌മെന്റ് കമ്മിറ്റിയ്ക്ക് കനാല്‍ സംരക്ഷണത്തിന് പ്രത്യേക ഫണ്ടും തൊഴിലാളികളും ഉള്ളപ്പോള്‍ അതേ കാര്യത്തിന് നഗരസഭ പണം ചെലവഴിച്ചാല്‍ ഓഡിറ്റിംഗിലും കോടതിയിലും ചോദ്യം ചെയ്യപ്പെടുമെന്നും നഗരസഭാ അധികൃതര്‍ പറയുന്നു.

Tags:    

Writer - rishad

contributor

Editor - rishad

contributor

Similar News