ചക്കിട്ടപാറയില്‍ ആദിവാസി ഭൂമി തട്ടിയെടുത്ത സംഭവത്തില്‍ നടപടിയില്ലെന്ന് പഞ്ചായത്ത്
നരേന്ദ്രദേവ് കോളനിയിലെ ഭൂമിയാണ് പുറത്തുള്ളവര്‍ നിസാര വില കൊടുത്ത് സ്വന്തമാക്കിയത്. എന്നാല്‍ അന്വേഷണം നടക്കുന്നതായാണ് റവന്യൂ അധികൃതരുടെ വിശദീകരണം.
കോഴിക്കോട് ചക്കിട്ടപാറയില്‍ ആദിവാസി ഭൂമി സ്വകാര്യ വ്യക്തികള്‍ തട്ടിയെടുത്തതായി കണ്ടെത്തിയിട്ടും നടപടിയില്ല. റവന്യു ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാന്‍ തയ്യാറാവുന്നില്ലെന്ന് കുറ്റപ്പെടുത്തി ചക്കിട്ടപ്പാറ പഞ്ചായത്ത് രംഗത്ത് എത്തി. നരേന്ദ്രദേവ് കോളനിയിലെ ഭൂമിയാണ് പുറത്തുള്ളവര്‍ നിസാര വില കൊടുത്ത് സ്വന്തമാക്കിയത്. എന്നാല്‍ അന്വേഷണം നടക്കുന്നതായാണ് റവന്യൂ അധികൃതരുടെ വിശദീകരണം.
1980 ലാണ് ചക്കിട്ടപ്പാറ വില്ലേജില്‍ മുതുകാടില്‍ 22 ഏക്കര്‍ ഭൂമി 22 ആദിവാസി കുടുംബങ്ങള്‍ക്കായി പതിച്ചു നല്‍കിയത്. ഭൂമി ആദിവാസികളില്‍ നിന്നും നിസാര വിലക്ക് പലരും സ്വന്തമാക്കി. ചക്കിട്ടപ്പാറ പഞ്ചായത്ത് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് തെളിഞ്ഞത്. ആദിവാസി ഭൂമി സ്വകാര്യവ്യക്തികള്‍ക്ക് കൈമാറാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കെയായിരുന്നു വില്‍പന. നിയമ വിരുദ്ധമായി ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടത്തിയതിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പഞ്ചായത്ത് ജനുവരിയില്‍ കലക്ടര്‍ക്ക് പരാതിയും നല്‍കി. ഭൂമി തിരിച്ചു പിടിക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിമാര്‍ക്കും കത്തു നല്‍കിയിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കുന്നതില് ഗുരുതരമായ വീഴ്ച കാണിക്കുന്നതായാണ് പഞ്ചായത്തിന്റെ ആരോപണം.
ആദിവാസികള്‍ക്ക് നല്‍കിയ ഭൂമി പൊതു ആവശ്യങ്ങള്ക്കായി കൈമാറണമെങ്കില് പോലും കടുത്ത നിബന്ധനകളാണുള്ളത്. ഈ സാഹചര്യത്തില്‍ ആദിവാസികളെ പല ഘട്ടങ്ങളായി ചൂഷണം ചെയ്ത് സ്ഥലം സ്വന്തമാക്കുകയായിരുന്നുവെന്നാണ് ആരോപണം.