ആതിരക്ക് യോഗ കേന്ദ്രത്തില്‍ ഭീഷണി നേരിട്ടതായി വെളിപ്പെടുത്തല്‍
ഘര്‍വാപസി കേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ട യുവതിയാണ് ആതിര തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തില്‍ ഉണ്ടായിരുന്നവെന്ന വിവരം പുറത്തുവിട്ടത്.
ഇസ്‍ലാം മതം സ്വീകരിച്ചതോടെ ഏറെ വിവാദമായ കാസര്‍കോട് സ്വദേശി ആതിരക്കും യോഗ കേന്ദ്രത്തില്‍ ഭീഷണി നേരിട്ടതായി വെളിപ്പെടുത്തല്‍. ഘര്‍വാപസി കേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ട യുവതിയാണ് ആതിര തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തില്‍ ഉണ്ടായിരുന്നവെന്ന വിവരം പുറത്തുവിട്ടത്. യോഗ കേന്ദ്രത്തിലെ 10 പേരിലധികം വരുന്ന സംഘമാണ് മര്‍ദനങ്ങള്‍ക്ക് പിന്നിലെന്നും യുവതി പറഞ്ഞു. മീഡിയവണ്‍ ബിഗ് ബ്രേക്ക്.
ഇസ്‌ലാമില്‍ ചേരാന്‍ പോകുന്നു എന്ന് കത്തഴുതിവച്ച് കഴിഞ്ഞ ജൂലൈ 10നാണ് കാസര്‍കോട് ഉദുമ സ്വദേശി ആതിര വീടുവിട്ടത്. ഹേബിയസ് കോര്‍പസ് ഹരജിയെത്തുടര്‍ന്ന് ആതിരയെ കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. ഇതിന് ശേഷമാണ് ആതിര തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തിലെത്തുന്നത്. ഹിന്ദുമതത്തിലേക്ക് തിരിച്ചുപോകാന്‍ ആതിരക്ക് താത്പര്യമുണ്ടായിരുന്നില്ല.
ഭീഷണിപ്പെടുത്തിയും മര്‍ദിച്ചുമാണ് ഘര്‍വാപസി നടത്തുന്നത്. ഗുരുജി എന്ന മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് ചെയ്യുന്നത്. കടുത്ത ഭീഷണിയാണ് ആതിരക്ക് ഇവിടെ നേരിടേണ്ടി വന്നത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് താന്‍ ഹിന്ദുമതത്തിലേക്ക് തിരിച്ചുപോകുന്നുവെന്ന് ആതിര അറിയിച്ചത്.