കർണാടകത്തിലെ സ്വാശ്രയ കോളേജ് നഴ്സിംഗ് വിദ്യാര്‍ത്ഥിനികളെ കബളിപ്പിച്ചതായി പരാതി
അഞ്ച് ലക്ഷം രൂപ ഫീസില്‍ രണ്ട് ലക്ഷം സ്കോളർഷിപ്പായി നല്കുമെന്ന വിദ്യാർത്ഥികള്‍ക്ക് പ്രവേശനത്തിന് വഴിയൊരുക്കിയ ട്രസ്റ്റിന്റെ വാഗ്ദാനം ലംഘിച്ചു
മികച്ച വിദ്യാഭ്യാസ അവസരം വാഗ്ദാനം ചെയ്ത കർണാടകത്തിലെ സ്വാശ്രയ കോളേജ് നഴ്സിംഗ് വിദ്യാര്‍ത്ഥിനികളെ കബളിപ്പിച്ചതായി പരാതി. അഞ്ച് ലക്ഷം രൂപ ഫീസില്‍ രണ്ട് ലക്ഷം സ്കോളർഷിപ്പായി നല്കുമെന്ന വിദ്യാർത്ഥികള്‍ക്ക് പ്രവേശനത്തിന് വഴിയൊരുക്കിയ ട്രസ്റ്റിന്റെ വാഗ്ദാനം ലംഘിച്ചു. അടിസ്ഥാന സൌകര്യങ്ങള്‍ പോലും കോളേജിലുണ്ടായിരുന്നില്ലെന്നും വിദ്യാർത്ഥികള്‍ പരാതിപ്പെടുന്നു.
ആലപ്പുഴ എഴുപുന്നയിലെ സൌപര്‍ണിക എജുക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് വഴിയാണ് വിദ്യാര്‍ഥിനികള്‍ കര്‍ണാടകയിലെ റവറന്റ് നൂറുന്നിസ കോളേജില്‍ പ്രവേശനം നേടിയത്. 5 ലക്ഷം രൂപ ഫീസില്‍ 2 ലക്ഷം സ്കോളര്‍ഷിപ്പ് നല്‍കുമെന്ന് ട്രസ്റ്റ് വാഗ്ദാനം ചെയ്തു. ഒരു വര്‍ഷത്തെ ഫീസ് അടച്ച് പ്രവേശം നേടിയപ്പോഴാണ് അടിസ്ഥാന സൌകര്യങ്ങള്‍ പോലും കോളജിലില്ലെന്ന് മനസ്സിലായതെന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു.
താമസിക്കാന്‍ സുരക്ഷിതമായ ഇടം പോലുമുണ്ടായിരുന്നില്ല. മോശം ഭക്ഷണമാണ് കുട്ടികള്‍ക്ക് നല്‍കിയത്. ഇതേ തുടർന്ന് രക്ഷിതാക്കള്‍ ഇടപെട്ടു . കോളെജിന്റെ അംഗീകാരത്തെക്കുറിച്ച് കൂടി സംശയമുണ്ടായതോടെ രക്ഷിതാക്കള്‍ വിദ്യാര്‍ഥിനികളെ നാട്ടിലേക്ക് മടക്കിക്കൊണ്ടുവന്നു. ഈ കുട്ടികളുടെ സര്‍ട്ടിഫിക്കറ്റ് കോളജ് അധികൃതര്‍ പിടിച്ചുവെച്ചു. സര്‍ട്ടിഫിക്കറ്റ് തിരികെ ചോദിച്ച കുട്ടികള്‍ക്കെതിരെ ട്രസ്റ്റ് ഓഫീസില്‍ അതിക്രമിച്ചു കയറി എന്ന പേരില്‍ പരാതി നല്‍കുകയും ചെയ്തു.
പ്രൊഫഷണല്‍ കോഴ്സുകള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുന്നവര്‍ കോഴ്സിന്റെ മുഴുവന്‍ തുകയും അടക്കാന്‍ ബാധ്യസ്ഥരാണെന്നും ഒരു വര്‍ഷത്തെ ഫീസ് അടച്ചാല്‍ ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാമെന്നുമാണ് ട്രസ്റ്റ് ഭാരവാഹികളുടെ വിശദീകരണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഇവര്‍ ബാങ്കില്‍ നിന്ന് ലോണെടുത്തും മറ്റുമാണ് ആദ്യ വര്‍ഷത്തെ ഫീസ് നല്‍കിയത്. സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ ഇവര്‍ക്ക് തുടര്‍പഠനം സാധ്യമാകാത്ത അവസ്ഥയാണ്.