വേങ്ങര ഫലം: ഞെട്ടല്‍ മാറാതെ ബിജെപി; ദേശീയ നേതൃത്വം വിശദീകരണം ചോദിച്ചേക്കും

Update: 2018-05-27 06:07 GMT
Editor : Alwyn K Jose
വേങ്ങര ഫലം: ഞെട്ടല്‍ മാറാതെ ബിജെപി; ദേശീയ നേതൃത്വം വിശദീകരണം ചോദിച്ചേക്കും
Advertising

വോട്ടുചോര്‍ച്ചയില്‍ ദേശീയ നേതൃത്വം വിശദീകരണം ചോദിക്കുമെന്നാണ് സൂചന.

വേങ്ങര ഉപതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി ബിജെപിയില്‍ കനത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. പരമ്പരാഗത വോട്ടുപോലും ലഭിക്കാതിരുന്നത് പാര്‍ട്ടിയില്‍ പുതിയ വിവാദത്തിന് കാരണമായേക്കും. വോട്ടുചോര്‍ച്ചയില്‍ ദേശീയ നേതൃത്വം വിശദീകരണം ചോദിക്കുമെന്നാണ് സൂചന.

Full View

കേരളം പിടിച്ചടക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ജനരക്ഷായാത്രക്കിടയില്‍ വന്ന വേങ്ങര ഉപതെര‍ഞ്ഞെടുപ്പില്‍ പരമാവധി വോട്ട് നേടുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. ദേശീയ നേതാക്കളെ വരെ മണ്ഡലത്തില്‍ എത്തിക്കാന്‍ ബിജെപി ശ്രദ്ധിച്ചിരുന്നു. കേരളത്തിന് ഒരു കേന്ദ്രമന്ത്രിയെ ലഭിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഊന്നിപ്പറഞ്ഞായിരുന്നു പ്രചാരണവും. എന്നാല്‍ എസ്ഡിപിഐക്ക് പിറകില്‍ നാലാം സ്ഥാനത്തായതിന്‍റെ ഞെട്ടലിലാണ് പാര്‍ട്ടി നേതൃത്വം. മണ്ഡലത്തിലെ വോട്ടര്‍മാരുടെ എണ്ണവും പോളിങും കൂടിയിട്ടും ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് കുറഞ്ഞു.

കഴിഞ്ഞ തവണ പിടി ആലി ഹാജി7055 വോട്ടുകളാണ് നേടിയത്. ഇത്തവണ ജനരക്ഷായാത്രയും ദേശീയ നേതാക്കളുടെ സാന്നിധ്യവും ഉണ്ടായിട്ടും 1327 വോട്ട് കുറഞ്ഞു. ജനരക്ഷായാത്രയിലെ മുദ്രാവാക്യങ്ങളേക്കാള്‍ വിവാദങ്ങളാണ് തെരഞ്ഞെടുപ്പിലും ചര്‍ച്ചയായത്. ഇത് നിഷേധവോട്ടായി പ്രതിഫലിച്ചുവെന്നാണ് വിലയിരുത്തല്‍. ദേശീയനേതാക്കള്‍ വന്നെങ്കിലും അവരുടെ പല പ്രസ്താവനകളും കേരളത്തിന്റെ പൊതുവികാരത്തിന് എതിരായിരുന്നതും നാലാംസ്ഥാനത്തേക്ക് പിന്തള്ളാന്‍ കാരണമായി. പതിനായിരത്തിലധികം വോട്ട് ഉപതെരഞ്ഞെടുപ്പില്‍ നേടുമെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്‍റെ കണക്കുകൂട്ടല്‍.

ദേശീയ നേതൃത്വത്തോട് ഇക്കാര്യത്തില്‍ നേതാക്കള്‍ ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലേതിനേക്കാള്‍ കുറഞ്ഞ വോട്ട് ലഭിച്ചതിന് വിശദീകരണം കണ്ടെത്തേണ്ട അവസ്ഥയിലാണ് സംസ്ഥാന നേതൃത്വം. മെഡിക്കല്‍ കോഴ വിവാദം, പാര്‍ട്ടിയിലെ വിഭാഗീയത തുടങ്ങി പല പ്രശ്നങ്ങളിലും ദേശീയ നേതൃത്വത്തിന്‍റെ അതൃപ്തി നേടിയ സംസ്ഥാന നേതൃത്വം വേങ്ങര ഫലം വന്നതോടെ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ജനരക്ഷായാത്രയിലെ സംഘാടനത്തില്‍ വീഴ്ച വന്നുവെന്ന വിലയിരുത്തലാണ് ദേശീയ നേതൃത്വത്തിനുള്ളത്. യാത്രക്കിടയില്‍ നിന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ പിന്‍മാറിയത് ഈ പാളിച്ച ചൂണ്ടിക്കാട്ടിയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെ വന്ന ഉപതെരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ടതോടെ സംഘടനാ നടപടി വരെ ഉണ്ടായേക്കുമോയെന്ന ആശങ്കയും സസ്ഥാനനേതൃത്വത്തിനുണ്ട്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News