അന്നേ ഉള്ളൂ ബാലാമണി ഹാഷ്ടാഗുകളുടെ പ്രാര്‍ഥനകളുമായി സ്ത്രീസമത്വത്തിന്റെ നടയിലേക്ക്; വൈറലായി കുറിപ്പ്

Update: 2018-05-27 05:25 GMT
Editor : Jaisy
അന്നേ ഉള്ളൂ ബാലാമണി ഹാഷ്ടാഗുകളുടെ പ്രാര്‍ഥനകളുമായി സ്ത്രീസമത്വത്തിന്റെ നടയിലേക്ക്; വൈറലായി കുറിപ്പ്
Advertising

ഈ സമുദ്രത്തിലേക്കിറക്കിയാൽ , എവിടെ നില കിട്ടാനാണ് എന്നോർത്താണ് , എന്റെ "മീ റ്റൂ " ഹാഷ് ടാഗ്ഗിന്റെ കൊതുമ്പു വള്ളം ഞാൻ ഉള്ളിൽ തന്നെ തളച്ചിട്ടിരിക്കുന്നത്

മീ ടൂ ക്യാമ്പയിന്‍ അതിരുകളില്ലാതെ അനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ അതിനെ വേറൊരു തലത്തില്‍ നോക്കിക്കാണുകയാണ് പ്രിയ കിരണ്‍. ലിംഗഭേദാടിസ്ഥാനത്തിൽ രണ്ടാം തരം പൗരന്മാർ സമൂഹത്തിൽ ഉണ്ടാകുന്നതിനു ഇനി കൂട്ട് നിൽക്കില്ലെന്ന ഉറപ്പ് എവിടെ നിന്നെങ്കിലുമൊക്കെ കിട്ടി തുടങ്ങുമ്പോളല്ലേ ഈ വിപ്ലവത്തിന് ഇവിടെ അർഥം ഉണ്ടാവുന്നുള്ളു എന്ന് പ്രിയ കുറിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന പോസ്റ്റ് ഇതിനോടകം മുന്നൂറിലധികം പേര്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു.

പ്രിയ കിരണിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സ്ത്രീ സമത്വത്തെപ്പറ്റി പറയുമ്പോൾ എത്രയോ പ്രാഥമികമായ പ്രശ്നങ്ങളിൽ നിന്നും തുടങ്ങേണ്ടി വരുമെന്നതിനാൽ , അതിനു മുതിരാതിരിക്കാറാണ് പതിവ്. പക്ഷെ ഇപ്പോൾ "Me too ക്കാലമല്ലേ , ഹാഷ് ടാഗുകളല്ലേ പറയാതിരിക്കാൻ എനിക്കാവതില്ലേ " എന്നായി അവസ്ഥ .

ഹോളിവുഡ് നിർമാതാവ് ഹാർവി വിൻസ്റ്റനെതിരെ നിരവധി ലൈംഗികാരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ , ഹോളിവുഡ് നടിയായ അലിസാ മിലാനോ ആണ് , ലൈംഗികമായി പീഡിപ്പിക്കപ്പെടുകയോ ഉപദ്രവിക്കപ്പെടുകയോ ചെയ്തിട്ടുള്ള സ്ത്രീകളോട് "me too" എന്ന ഹാഷ് ടാഗ് സ്റ്റാറ്റസിനടിയിൽ അണി നിരക്കാൻ നിർദ്ദേശിച്ചത് . ലോകമെങ്ങും "മീ ട്ടൂ "അലമാലയുണ്ടാക്കുന്നു , അത്ഭുതമില്ല .. പക്ഷെ , ഇന്ത്യയിൽ നിന്നും അതിലേക്കു ചേരുന്ന പതയും നുരയും കണ്ടപ്പോൾ ഓർത്തു -അമേരിക്കയിലെയോ യൂറോപിയൻ രാജ്യങ്ങളിലെയോ പൊതുവെ പുരുഷന് തുല്യമായ അവകാശങ്ങളും ജീവിത സാഹചര്യങ്ങളും അനുഭവിക്കുന്ന സ്ത്രീ സമൂഹം അതിനപവാദമായി അവരുടെ ജീവിതത്തിൽ സ്ത്രീത്വത്തിനു നേരെയുണ്ടായ ഏതാനും ദുരനുഭവങ്ങളെപ്പറ്റി തുറന്നു പറയുന്നത് പോലെ പറഞ്ഞു പോവാനുള്ളതേ നമുക്കുമുള്ളൂ? മറ്റൊരു വിധത്തിൽ പറഞ്ഞാൽ , സ്ത്രീ വിരുദ്ധതയിൽ പുതഞ്ഞു കിടക്കുന്ന ഒരു സമൂഹത്തിൽ നിന്ന് വരുന്നവർ , അവരുടെ ദുരനുഭവങ്ങളെപ്പറ്റി പറയുന്നതിന് മന്ത് വന്നു ആകെ വീർത്തുന്തിയ കാലിലെ ഒന്ന് രണ്ടു ചൂടു കുരുവിനെപ്പറ്റി പറയുന്നത്ര പ്രസക്തിയല്ലേ ഉള്ളൂ ?

"ഓ ,പെൺകുട്ടിയാണോ" എന്ന ചോദ്യത്തിലേക്കല്ലാതെ ജനിച്ചു വീഴാനും , "നീയൊരു പെൺകുട്ടിയല്ലേ, എന്നിട്ടും.. "എന്ന് കേൾക്കാതെ വളർന്നു വലുതാവുനും മാത്രം മാനുഷിക പരിഗണന ലഭിച്ച സ്ത്രീകൾ എത്രയുണ്ട് നമുക്കിടയിൽ? "ആർക്കെങ്കിലും പിടിച്ചു കൊടുക്കേണ്ട സമയമായി " എന്ന് ചുറ്റുവട്ടത്തെ ചേച്ചിമാരെപ്പറ്റി വയസ്സായവർ പറയുന്നത് , പശുവിനെപ്പറ്റിയാണെന്നു കുട്ടിക്കാലത്തു ഞാൻ എത്ര വട്ടം തെറ്റിദ്ധരിച്ചിട്ടുണ്ട് ! വിവാഹ ശേഷം " അവൾക്കു ഭാഗ്യമുണ്ട് , അവളെ ജോലിക്കു വിടുന്നുണ്ട് അവൻ " എന്നൊക്കെയുള്ള ഇനിയും മനസ്സിലാകാത്ത വിലയിരുത്തലുകൾ എത്ര കേട്ടിട്ടുണ്ട്! "ചെളി " കണ്ടാൽ ചവുട്ടാൻ പുരുഷന് അനുമതി നൽകപ്പെട്ടിരിക്കുന്നൊരു സമൂഹത്തിലേക്ക് പിറന്നു വീഴുന്ന ഭാഗ്യം കെട്ട മറുവിഭാഗത്തിന് , പുരുഷവർഗത്തോട് അകലം പാലിച്ചു , ചളിയാവുന്നതിൽ നിന്നും സ്വയം കാത്തു സൂക്ഷിച്ചു ജീവിക്കുകയല്ലാതെ എന്താണ് മാർഗം?

ഫെമിനിസ്റ്റ് , ഫെമിനിച്ചി എന്നൊക്കെ പദവികൾ കേൾപ്പിച്ചു ജീവിതം കൂടുതൽ ദുഷ്ക്കരമാക്കുന്നതിലും എളുപ്പം അതാണെന്ന് തോന്നാം .. പക്ഷെ അല്ല , അപ്രകാരം ഉത്തമ പെൺകുട്ടികളായി ഒതുങ്ങി ജീവിച്ചാലും പ്രശ്നങ്ങളുണ്ട് - അന്ന് വരെ ലോകമറിയാതെ കഴിഞ്ഞവൾ , ഭാര്യയായാൽ വിവാഹം മജീഷ്യൻ മുതുകാടിന്റെ കാർമികത്വത്തിൽ കഴിഞ്ഞ പോലെ വേണം പിന്നീടങ്ങോട്ട് പെരുമാറാൻ - ഒറ്റ രാവ് ഇരുട്ടി വെളുക്കുമ്പോൾ ,മന്ത്ര ശക്തി കൊണ്ട് ഉത്തമ ഭാര്യയാവണം , മരുമകളാവണം , ബിരിയാണി വെക്കണം.... പിന്നെന്താണെന്നു വെച്ചാൽ , നന്നായി നിന്നാൽ , നല്ല മനസ്സുള്ള ഭർത്താവാണെങ്കിൽ , തുടർന്നും ജോലി ചെയ്യാനും , ഇടയ്ക്കു സ്വന്തം വീട്ടിൽ പോവാനുമൊക്കെ 'സ്വാതന്ത്ര്യം' തന്നെന്നുമിരിക്കും ! എന്താല്ലേ!

അങ്ങനെ ആരുടെയൊക്കെയോ ലോകത്തു പിടിച്ചു തൂങ്ങി, രണ്ടു മൂന്നു കുട്ടികളൊക്കയായി ജീവിച്ചു ഒരു മദ്ധ്യ വയസ്സിൽ എത്തുമ്പോഴെങ്കിലും , സ്ഥിതി മാറുമെന്ന് കരുതുന്നുണ്ടോ? പൊതുബോധങ്ങളിൽ നിന്ന് വളർച്ച പ്രാപിക്കാനവസരം കിട്ടാതെ പോയതെന്ന് മാപ്പു കൊടുക്കാവുന്ന പണ്ടത്തെ ഗ്രാമം മാറി , അഭ്യസ്തവിദ്യരുടെ സദസ്സിലിരിക്കുമ്പോൾ എത്ര തവണ കേട്ടിരിക്കുന്നു മറ്റു ചില ക്ലിഷേ തമാശകൾ - " എയർ ഇന്ത്യയിൽ നാട്ടിൽ പോവാറില്ല ,കാരണം എയർ ഹോസ്റ്റസ്സുകളെല്ലാം 35 കഴിഞ്ഞ തള്ളകളാണ് ..!!" നിങ്ങളുടെ വീട്ടിലെല്ലാം 35 കഴിഞ്ഞ സ്ത്രീകളെ ദയാവധം ചെയ്യാറാണോ പതിവ്? എന്ന് ചോദിച്ചു ആ 'തമാശ'യുടെ മുനയൊടിക്കാം , പക്ഷെ അതിനു ചിരിച്ചവരിൽ സ്ത്രീകളും ഉണ്ടെങ്കിലാണ് ശരിക്കും തോറ്റു പോവാറ് !

നൂറു കണക്കിന് കുറ്റകൃത്യങ്ങൾ ദിനം പ്രതിയെന്ന വണ്ണം വരുന്ന ന്യൂസ്ചാനലുകൾ മാറുമ്പോൾ , തെളിയുന്ന മുഖങ്ങളിൽ ഒരെണ്ണം സ്ത്രീയാണെങ്കിൽ , സദസ്സിലെ ചിയർ ബോയ്സിന് എന്തൊക്കെ പഴമൊഴിയറിയാം അത് സാധൂകരിക്കാൻ -
" അല്ലെങ്കിലും പെണ്ണൊരുമ്പെട്ടാൽ.."! "അമ്മായി മീശ വെച്ചാൽ അമ്മാവനാവില്ല .." !
അമ്മാവനാവണമെന്നു ആർക്കണാഗ്രഹം സർ ! മനുഷ്യനാണെന്നാണ് കരുതിയിരുന്നത്. ബ്രാക്കറ്റിൽ രണ്ടാം തരം എന്നുള്ളത് അലിഖിതമായിരിക്കുന്നിടത്തോളം , അതങ്ങനെ അല്ലെന്നിരിക്കിലും ,എതിരെ നീതി തേടാനും വകുപ്പൊന്നുമില്ലല്ലോ ! സമത്വ സുന്ദര കിനാശ്ശേരി !

പരസ്യമാവട്ടെ , സിനിമയാവട്ടെ , വെളുക്കാനുള്ള ക്രീം തേച്ചു പുരുഷന്റെ സൗന്ദര്യപ്രശംസയിൽ ജീവിത ധന്യത തേടുന്ന , വട്ടത്തിൽ റൊട്ടി ചുടുന്നതിനു കിട്ടുന്ന പ്രശംസയിൽ പുളകിതയാവുന്ന, കുടിയും അടിയും തൊഴിയും സഹിക്കുന്ന സ്ത്രീയാണ് ഇന്നും അഭികാമ്യ. സൗന്ദര്യം തീർച്ചയായും നല്ലതു തന്നെ , പക്ഷെ സ്ത്രീയെന്നാൽ ശരീരവും സൗന്ദര്യവും മാത്രം എന്ന മട്ടിൽ കാണുന്നതാണ് അപമാനകരം. അവളെ സ്വന്തം വീട്ടിലും അധികം ലാളിക്കണ്ട , നാളെ മറ്റൊരു വീട്ടിൽ പോയി ജീവിക്കേണ്ടവളല്ലേ? കവിയൂർ പൊന്നമ്മ മടിയിൽ കിടത്തി മുടി തടവി കൊഞ്ചിക്കുന്നതായി, മോഹൻലാലിനെയും സുരേഷ് ഗോപിയെയുമല്ലാതെ ഉർവ്വശിയെയും ശോഭനയെയും ഒന്നും ഞാനിതു വരെ കണ്ടിട്ടില്ലാത്തിനു ഇതാവണം കാരണം!

ജനനം മുതൽ, ജീവിതം മൊത്തം തുല്യതയൊക്കെ ഏട്ടിലെ പശുവാണെങ്കിലും , പൊതു സദസ്സിലോ ചർച്ചയിലോ ഒക്കെയിരിക്കുമ്പോൾ , പെട്ടെന്നാണ് സ്ത്രീ സമത്വയായിരിക്കേണ്ടവളാണെന്നു ചിലർക്ക് ഓര്മ വരുക . " ഓ ! റോഹിൻഗ്യൻ അഭയാര്ഥികളെപ്പറ്റി അറിയില്ല? ന്യൂസ് ഒന്നും കാണില്ലല്ലോ, ആ സമയം വല്ല സീരിയലുമല്ലേ നോക്കൂ ..". - ചപ്പാത്തി വട്ടമൊപ്പിച്ചു പരത്തുമ്പോൾ, പശ്ചാത്തലത്തിൽ ഒരു ആളനക്കത്തിന് റോഹിൻഗ്യാൻ പ്രശ്നങ്ങളെക്കാൾ മനുഷ്യപ്പറ്റ് സീരിയലിലെ ശബ്ദങ്ങൾക്കാണ് സർ !- ആര് കേൾക്കാൻ ആരോട് പറയാൻ !

ദിനം പ്രതി വാട്സ് ആപ്പിലും മറ്റും വരുന്ന സ്ത്രീ വിരുദ്ധ തമാശകളെപ്പറ്റി പിന്നെ പറയണ്ട.. "അതെന്താ വാട്സ് ആപ്പില്ലേ ?" ഉണ്ട് , ചിരിച്ചു ചിരിച്ചു പലപ്പോഴും കണ്ണ് നിറഞ്ഞു പോവുന്നതിനാൽ uninstall ചെയ്യാമെന്ന് വിചാരിക്കുകയാണ് ! "ഒരു തമാശ പറഞ്ഞാലും സ്ത്രീ വിരുദ്ധതയാകുമോ? "എന്നാണോ ? അങ്ങനെ തമാശകൾ പറഞ്ഞും ശീലിപ്പിച്ചും വിരുദ്ധതകളുടെ അതിരിൽ ബാക്കി നിൽക്കുന്ന ദുർബലമായ കമ്പുകളും നില തെറ്റി വീഴുമ്പോളത്തെ ഒരാശങ്ക!

ഇത് കൊണ്ടുള്ള നഷ്ടങ്ങൾ ഞങ്ങൾക്ക് മാത്രമല്ലെന്നതാണ് ഒരാശ്വാസം . ശരീരം മാത്രമാണ് സ്ത്രീയെന്നു വിലയിരുത്തുന്ന ഒരു പുരുഷന് നഷ്ടപ്പെടുന്നത് , ബുദ്ധിയും വിവേകവുമുള്ള സ്ത്രീസമൂഹത്തിന്റെ ചങ്ങാത്തമാണ്. അത് മൂലം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായേക്കാവുന്ന വ്യത്യസ്തമായൊരു വീക്ഷണകോണാണ്‌. അത്തരം ഒരു സമൂഹം നഷ്ടപ്പെടുത്തുന്നത് , സാമ്പത്തികവും സാമൂഹികവും ആയി ജനസഖ്യയുടെ പകുതിയോളം പേർ കൂടി ചേർന്ന് കൈവരിക്കേണ്ട സുരക്ഷയും ഭദ്രതയുമാണ് !

ഈ സമുദ്രത്തിലേക്കിറക്കിയാൽ , എവിടെ നില കിട്ടാനാണ് എന്നോർത്താണ് , എന്റെ "മീ റ്റൂ " ഹാഷ് ടാഗ്ഗിന്റെ കൊതുമ്പു വള്ളം ഞാൻ ഉള്ളിൽ തന്നെ തളച്ചിട്ടിരിക്കുന്നത്. ടാഗോർ ഗീതാഞ്ജലിയിൽ പറയും പോലെ , "ഞങ്ങളുടെ ദുഃഖങ്ങൾ വലിയവയാണ്, ഞങളുടെ അപമാനം രഹസ്യമായതും ഘനമേറിയതുമാണ് ..". അതറിയുന്നവരും , മനസ്സിലാക്കുന്നവരും ആയവരും ധാരാളം ഉണ്ട് നമ്മുടെ സമൂഹത്തിലെന്നു എനിക്കറിയാം .. അവരെടുക്കട്ടെ മാറ്റത്തിലേക്കു ഒരു ചുവട് -"never again ". ലിംഗഭേദാടിസ്ഥാനത്തിൽ രണ്ടാം തരം പൗരന്മാർ സമൂഹത്തിൽ ഉണ്ടാകുന്നതിനു ഇനി കൂട്ട് നിൽക്കില്ലെന്ന ഉറപ്പ് എവിടെ നിന്നെങ്കിലുമൊക്കെ കിട്ടി തുടങ്ങുമ്പോളല്ലേ ഈ വിപ്ലവത്തിന് ഇവിടെ അർഥം ഉണ്ടാവുന്നുള്ളു ! അന്നേ ഉള്ളൂ ബാലാമണി ഹാഷ്ടാഗുകളുടെ പ്രാര്‍ഥനകളുമായി ,ഇനി സ്ത്രീ സമത്വത്തിന്റെ നടയിലേക്കു...

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News