കോടതി പറഞ്ഞ ദിവസം ഹാദിയയെ ഹാജരാക്കുമെന്ന് അച്ഛന്‍
കേസ് ഇതുകൊണ്ടൊന്നും തീരാന്‍ പോകുന്നില്ലെന്നും അശോകന്‍
ഹാദിയയെ 27ാം തിയതി തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് പിതാവ് അശോകന്‍. കോടതി നിര്‍ദ്ദേശം അംഗീകരിക്കുന്നുവെന്നും ഹാദിയക്ക് വീട്ടില്‍ വിലക്കില്ലെന്നും അശോകന്‍ പറഞ്ഞു. വനിതാ കമ്മീഷനും സുപ്രീംകോടതി നിര്‍ദേശത്തെ സ്വാഗതം ചെയ്തു. അതേസമയം ഹാദിയയെ കാണാന്‍ മാധ്യമ പ്രവര്‍ത്തകരെ ഇന്നും പൊലീസ് അനുവദിച്ചില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ കോടതി നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിക്കാന്‍ ഹാദിയായുടെ പിതാവ് തയ്യാറായിരുന്നില്ല. എന്നാല്‍ നേരിട്ട് ഹാദിയായെ ഹാജരാക്കണമെന്ന് പറഞ്ഞതോടെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പ്രതികരിക്കാന്‍ അശോകന്‍ തയ്യാറായി. കോടതി നിര്‍ദ്ദേശം അംഗീകരിക്കുമെന്നായിരുന്നു പ്രതികരണം. ഹാദിയ വീട്ട് തടങ്കലിലാണെന്ന് കാര്യം സൂചിപ്പിച്ചപ്പോള്‍അത് ശരിയല്ലെന്നും അശോകന്‍ പ്രതികരിച്ചു.
ഇതിനിടെ സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെ വനിതാ കമ്മീഷനും സ്വാഗതം ചെയ്തു. ഹാദിയയുടെ ശബ്ദം കോടതി കേള്‍ക്കണമെന്നാണ് ആഗ്രഹിച്ചതെന്നും വനിത കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന്‍ പ്രതികരിച്ചു.