കോണ്‍ഗ്രസ് ചിഹ്നം കൈപ്പത്തി മാറ്റി കൈപ്പറ്റി എന്നാക്കണം; എം സ്വരാജിനായി വോട്ട് തേടി വിഎസ്
എം സ്വരാജിനായി വോട്ടഭ്യര്‍ഥിച്ച് വിഎസ് അച്യുതാനന്ദന്‍ തൃപ്പൂണിത്തുറയില്‍.
എം സ്വരാജിനായി വോട്ടഭ്യര്‍ഥിച്ച് വിഎസ് അച്യുതാനന്ദന്‍ തൃപ്പൂണിത്തുറയില്‍. കോണ്‍ഗ്രസിന്റെ ചിഹ്നം കൈപ്പത്തി മാറ്റി കൈപ്പറ്റി എന്നാക്കണം എന്ന് വിഎസ് പറഞ്ഞു. ഉമ്മന്‍ചാണ്ടി അഴിമതിയുടെ കേന്ദ്രമാണെന്നും വിഎസ് പറഞ്ഞു.
ഉമ്മന്‍ചാണ്ടിക്കെതിരെ രമേശ് ചെന്നിത്തല ഹൈക്കമാന്റിന് അയച്ച കത്ത് പ്രചാരണായുധമാക്കിയാണ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ എറണാകുളം ജില്ലയില്‍ തെരഞ്ഞെടുപ്പ് പര്യടനം തുടങ്ങിയത്. വെള്ളാപ്പള്ളിക്കെതിരായ ആരോപണങ്ങളും വിഎസ് ആവര്‍ത്തിച്ചു. സിപിഎം വിഭാഗീയത രൂക്ഷമായ ഉദയംപേരൂര്‍ ഉള്‍പ്പെട്ട തൃപ്പുണിത്തുറ മണ്ഡലത്തില്‍ എം സ്വരാജിന് വേണ്ടി വിഎസ് പ്രചാരണം നടത്തി.
പിറവം മണ്ഡലത്തിലെ കൂത്താട്ടുകുളത്തായിരുന്നു എറണാകുളം ജില്ലയിലെ വിഎസിന്റെ ആദ്യ പരിപാടി. ഉമ്മന്‍ചാണ്ടി തരാതരം പോലെ ബിജെപിയെ കൂട്ടുപിടിക്കുകയാണെന്ന് വിഎസ് ആരോപിച്ചു. ഉമ്മന്‍ ചാണ്ടിക്കെതിരെ ഹൈക്കമാന്റിന് രമേശ് ചെന്നിത്തല അയച്ച കത്തായിരുന്നു ഇവിടെ പ്രചാരണ ആയുധം. അഴിമതി കണ്ട് മടുത്തതുകൊണ്ടാണ് ചെന്നിത്തല തന്നെ ഹൈക്കമാന്റിന് കത്തയച്ചതെന്ന് വിഎസ് ആരോപിച്ചു.
മൈക്രോഫിനാന്‍സിന്റെ പേരില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ജനങ്ങളെ പറ്റിക്കുകയാണെന്നും വിഎസ് ആരോപിച്ചു. ഉച്ചക്ക് ശേഷം തൃപ്പൂണിത്തുറ, കോതമംഗലം മണ്ഡലങ്ങളില്‍ വിഎസ് പ്രസംഗിച്ചു.
സംസ്ഥാന സമ്മേളനത്തില്‍ വി എസിനെ അധിക്ഷേപിച്ച് സംസാരിച്ചുവെന്ന വിവാദത്തിലായ എം സ്വരാജിന് വേണ്ടിയാണ് തൃപ്പുണിത്തുറയിലെ പ്രചാരണം. ഒരു വിഭാഗം പ്രവര്‍ത്തകര്‍ നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുന്ന ഉദയംപേരൂരിലെ രൂക്ഷമായ വിഭാഗീയതയും വിഎസിന്റെ വരവോടെ പരിഹരിക്കാനാകുമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു.