പട്ടയമില്ലാതെ തകര്‍ന്ന വീട്ടില്‍ കഴിയുന്ന പതിനൊന്നംഗ കുടുംബത്തിന് സ്വന്തമായി വീടൊരുങ്ങുന്നു
മീഡിയവണ്‍, മാധ്യമം വാര്‍ത്തയെത്തുടര്‍ന്ന് നാട്ടുകാര്‍ ഒത്തുചേര്‍ന്നാണ് വീടുകള്‍ നിര്‍മിക്കുന്നത്
തൃശൂര്‍ ചേര്‍പ്പില്‍ പട്ടയമില്ലാതെ തകര്‍ന്ന വീട്ടില്‍ കഴിയുന്ന പതിനൊന്നംഗ കുടുംബത്തിന് സ്വന്തമായി വീടൊരുങ്ങുന്നു. മീഡിയവണ്‍, മാധ്യമം വാര്‍ത്തയെത്തുടര്‍ന്ന് നാട്ടുകാര്‍ ഒത്തുചേര്‍ന്നാണ് വീടുകള്‍ നിര്‍മിക്കുന്നത്. മൂന്ന് വീടുകളാണ് ഇവര്‍ക്കായി നിര്‍മിക്കുന്നത്. ആദ്യ വീടിന് ഇന്നലെ തറക്കല്ലിട്ടു.
വര്‍ഷങ്ങളായി ചുവപ്പ് നാടയില്‍ കുരുങ്ങിക്കിടന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നതിന്റെ സന്തോഷമാണ് ദീപക്കും ശശിക്കും. തൃശൂര്‍ ചേര്‍പ്പില്‍ പട്ടയം ലഭിക്കാത്തത് മൂലം പുതുക്കിപ്പണിയാനാകാതെ തകര്‍ന്ന വീട്ടില്‍ പതിനൊന്നംഗ ദലിത് കുടുംബം കഴിയുന്നത് കഴിഞ്ഞ ദിവസം മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് നാട്ടുകാര്‍ സഹായ വേദി രൂപീകരിച്ചത്. വിദേശത്ത് നിന്നടക്കം നിരവധി പേര്‍ സാമ്പത്തിക സഹായവുമായെത്തി. മൂന്ന് സഹോദരങ്ങള്‍ക്കും ഓരോ വീട് വീതം നിര്‍മിക്കാനാണ് നാട്ടുകാരുടെ തീരുമാനം. ആദ്യ വീടിന്റെ തറക്കല്ലിടല്‍ തൃശൂര്‍ റൂറല്‍ എസ് പി യതീഷ് ചന്ദ്രയുടെ സാന്നിധ്യത്തില്‍ നടന്നു. അഞ്ച് മാസത്തിനുള്ളില്‍ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാകും എന്നാണ് പ്രതീക്ഷ.