ഒരാഴ്‌ച്ച കടലില്‍ പോകരുത്, ഭീമന്‍ തിരമാലകള്‍ക്ക് സാധ്യത

Update: 2018-05-27 07:01 GMT
ഒരാഴ്‌ച്ച കടലില്‍ പോകരുത്, ഭീമന്‍ തിരമാലകള്‍ക്ക് സാധ്യത
Advertising

ചുഴലിക്കാറ്റിനെ തുടര്‍ന്ന്‌ ഭീമന്‍ തിരമാലകള്‍ ഏഴ്‌ ദിവസം കൂടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്‌. അടുത്ത 24 മണിക്കൂര്‍ കടല്‍ പ്രക്ഷുബ്ധമാകും...

ഒരാഴ്‌ച്ച മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന്‌ ഫിഷറീസ്‌ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. 275 കിലോമീറ്റര്‍ ഉള്‍ക്കടലില്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ ഓഖി ചുഴലിക്കാറ്റ്‌ സഞ്ചരിക്കുകയാണെന്നാണ്‌ ലഭിക്കുന്ന വിവരം. ചുഴലിക്കാറ്റിനെ തുടര്‍ന്ന്‌ കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ഭീമന്‍ തിരമാലക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്‌.

എറണാകുളം, കൊല്ലം, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ 4.4 മീറ്റര്‍ മുതല്‍ 6.1 മീറ്റര്‍ വരെ തിരമാലകള്‍ ഉയരും. ലക്ഷദ്വീപ്‌ തെക്കന്‍ തമിഴ്‌നാട്‌ എന്നിവിടങ്ങളില്‍ സമാനപ്രതിഭാസത്തിന്‌ സാധ്യത. 275 കിലോമീറ്റര്‍ ഉള്‍ക്കടലില്‍ 130 കിലോമീറ്റര്‍ വേഗത്തിലാണ്‌ നിലവില്‍ ഓഖി ചുഴലിക്കാറ്റ്‌ സഞ്ചരിക്കുന്നതെന്നാണ്‌ കരുതപ്പെടുന്നത്‌.

അടുത്ത 24 മണിക്കൂര്‍ കടല്‍ പ്രക്ഷുബ്ധമാകും. കേരളം ലക്ഷദ്വീപ്‌ തീരമേഖലയിലാണ്‌ കടല്‍ പ്രക്ഷുബ്ദമാവുക. ലക്ഷദ്വീപില്‍ കാറ്റ്‌ കനത്ത നാശം വിതച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്‌. കനത്ത കാറ്റിനെ തുടര്‍ന്ന്‌ ഉയര്‍ന്ന തിരമാലക്കും സാധ്യത.

സംസ്ഥാനത്ത്‌ 500ലേറെ 11 കെവി പോസ്‌റ്റുകളും 2000 മറ്റ്‌ പോസ്‌റ്റുകളും മറിഞ്ഞെന്ന്‌ അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലായാണ്‌ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തിരിക്കുന്നത്‌. തലസ്ഥാനത്തെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും നാശനഷ്ടങ്ങള്‍ അവലോകനം ചെയ്യാന്‍ ഉന്നതതലയോഗം വിളിച്ചെന്നും വൈദ്യുതി മന്ത്രി അറിയിച്ചു.

Tags:    

Similar News