അടിസ്ഥാന സൌകര്യവികസനം യാഥാര്‍ഥ്യമാക്കാതെ കിഫ്ബി; ഇതുവരെ ചെലവഴിച്ചത് 320 കോടി മാത്രം
5 വര്‍ഷം കൊണ്ട് 50000 കോടി രൂപയുടെ പദ്ധതികള്‍, പണം കണ്ടെത്താന്‍ കിഫ്ബി. ഇതായിരുന്നു പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനം
അടിസ്ഥാന സൌകര്യവികസനത്തിനുള്ള മൂലധനം സ്വരൂപിക്കാന്‍ എല്‍ ഡി എഫ് കൊണ്ടുവന്നതാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ്. എന്നാല്‍ കിഫ്ബി വഴി ഇതുവരെ ചെലവഴിച്ചത് നാമമാത്ര തുക. വെറും 320 കോടി രൂപ മാത്രമാണ് വിവിധ പദ്ധതികള്‍ക്കായി ഇതുവരെ കിഫ്ബിയില്‍ നിന്ന് ചെലവഴിച്ചത്.
5 വര്‍ഷം കൊണ്ട് 50000 കോടി രൂപയുടെ പദ്ധതികള്‍, പണം കണ്ടെത്താന്‍ കിഫ്ബി. ഇതായിരുന്നു പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനം. രണ്ട് വര്‍ഷം കൊണ്ട് 18938.95 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയെന്നാണ് കണക്ക്. പക്ഷെ, യാഥാര്‍ഥ്യമായത് എന്തൊക്കെ.. ? പൊതുമരാമത്ത് വകുപ്പ് വഴി ഏതാനും റോഡുകളും പാലങ്ങളും.. ചില ആശുപത്രികളില്‍ കാത്ത് ലാബുകള്‍.. അങ്ങനെ ചില ചെറു പദ്ധതികള്‍ മാത്രമാണ് തുടങ്ങി വെക്കുകയും പണം നല്‍കുകയും ചെയ്തത്. ആകെ ചെലവഴിച്ചത് 320 കോടി രൂപ. കിഫ്ബി വഴി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച വന്‍ പദ്ധതികളുണ്ട്.
കൊച്ചിയില്‍ പെട്രോകെമിക്കല്‍ ആന്‍ഡ് ഫാര്‍മ പാര്‍ക്ക്. 600 ഏക്കര്‍ പ്രദേശത്ത് 1264 കോടി രൂപയുടെ പദ്ധതി. പക്ഷെ ഇനിയും ഒരു രൂപവുമായിട്ടില്ല. ഭൂമിയേറ്റെടുക്കലിന് വിജ്ഞാപനമായില്ല. വൈദ്യുതി വിതരണത്തിനായി ട്രാന്‍സ്ഗ്രിഡ്. 5000 കോടി രൂപയുടെ പദ്ധതിയില്‍ 138 കോടിയുടെ സബ് സ്റ്റേഷന്‍ നിര്‍മാണത്തിന് മാത്രം അനുമതിയായി. ഇതിനുതന്നെ വായ്പ വ്യവസ്ഥകളില്‍ വ്യക്തതയില്ലാത്തതിനാല്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ അംഗീകാരം ലഭിച്ചിട്ടില്ല. സംസ്ഥാനം മുഴുവന്‍ ഇന്റര്‍നെറ്റ് സൌകര്യമൊരുക്കുന്ന 823 കോടിയുടെ കെ ഫോണ്‍ പദ്ധതിക്ക് ഇതുവരെ ടെന്‍ഡര്‍ നടപടികളായില്ല. 492 കോടിയുടെ ഹൈടെക് സ്കൂള്‍ പദ്ധതിക്ക് അനുമതിയായെങ്കിലും പണി തുടങ്ങണമെങ്കില്‍ സ്കൂളുകളുമായി ധാരണാപത്രം ഒപ്പിടണം. 1000 കോടിയുടെ മലയോര ഹൈവേക്കും 350 കോടിയുടെ തീരദേശ ഹൈവേക്കും അനുമതി പോലുമായില്ല.
കിഫ്ബി വഴി കേരളത്തില്‍ ഇക്കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വലിയ അടിസ്ഥാന സൌകര്യ വികസനമൊന്നും ഉണ്ടായിട്ടില്ലെന്ന് ചുരുക്കം. പക്ഷെ, ധനവകുപ്പ് പറയുന്നത്, കിഫ്ബി പണി തുടങ്ങിക്കഴിഞ്ഞു. ഇനി എല്ലാം ശരിയാകുമെന്നാണ്.