ബിനോയിക്ക് ദുബൈയില്‍ യാത്രാവിലക്ക്

Update: 2018-05-27 05:13 GMT
Editor : Sithara
ബിനോയിക്ക് ദുബൈയില്‍ യാത്രാവിലക്ക്
Advertising

ചെക്ക് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്ക് ദുബൈ കോടതിയുടെ യാത്രാവിലക്ക്.

ചെക്ക് ഇടപാട് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്ക് ദുബൈ കോടതിയുടെ യാത്രാവിലക്ക്. ഒരു കോടി 17 ലക്ഷം രൂപ കെട്ടിവെക്കാതെ ബിനോയിക്ക് യുഎഇ വിടാനാവില്ല. യാത്രാവിലക്കിനെതിരെ അപ്പീല്‍ നല്‍കുമെന്ന് സഹോദരന്‍ ബിനീഷ് കോടിയേരി അറിയിച്ചു.

Full View

13 കോടി രൂപയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന ആരോപണം നിലനില്‍ക്കെ 10 ദിവസം മുന്‍പാണ് ബിനോയ് കോടിയേരി ദുബൈയിലെത്തിയത്. ദുബൈ പൊലീസ് നല്‍കിയ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കാണിച്ച് തനിക്ക് ദുബൈയില്‍ ക്രിമിനല്‍ കേസില്ലെന്ന് തെളിയിക്കാനും യുഎഇയില്‍ പ്രവേശിക്കാന്‍ വിലക്കില്ലെന്ന് വ്യക്തമാക്കാനും ബിനോയിക്ക് കഴിഞ്ഞു. എന്നാല്‍ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത 102/2018/69 എന്ന കേസില്‍ ഈ മാസം ഒന്നിനാണ് ബിനോയിക്കെതിരെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

യാത്രാവിലക്കിനെതിരെ അപ്പീല്‍ പോകുമെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും സഹോദരന്‍ ബിനീഷ് കോടിയേരി പറഞ്ഞു. 13 കോടി നല്‍കാനില്ലെന്ന് ഇപ്പോള്‍ പരാതിക്കാര്‍ തന്നെ സമ്മതിക്കുകയാണെന്നും ബിനീഷ് പറഞ്ഞു.

അതേസമയം യാത്രാവിലക്ക് നീക്കാന്‍ ബിനോയ് കോടിയേരി ദുബൈയില്‍ നിയമനടപടികള്‍ ആരംഭിക്കുന്നതായാണ് സൂചന. ദുബൈയിലെ ജാസ് ടൂറിസം ഉടമയും ബിനോയ് കോടിയേരിയും നിയമ നടപടികളുമായി മുന്നോട്ട് പോകവെ സാമ്പത്തിക തട്ടിപ്പ് കേസ് മുറുകുകയാണ്. തുടര്‍നടപടികള്‍ എന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ഇരുപക്ഷവും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News