ലോക്നാഥ് ബെഹ്റ അവധിയില്‍
പൊലീസിലെ അഡ്മിനിസ്ട്രേഷന്റെ ചുമതല ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപി ആനന്തകൃഷ്ണന് നല്‍കിയിട്ടുണ്ട്. ക്രമസമാധാന ചുമതല ഡിജിപി രാജേഷ് ദിവാനും എഡിജിപി അനില്‍കാന്തിനുമാണ്.
സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അവധിയില്‍. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനാലാണ് അവധി. പൊലീസിലെ അഡ്മിനിസ്ട്രേഷന്റെ ചുമതല ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപി ആനന്തകൃഷ്ണന് നല്‍കിയിട്ടുണ്ട്. ക്രമസമാധാന ചുമതല ഡിജിപി രാജേഷ് ദിവാനും എഡിജിപി അനില്‍കാന്തിനുമാണ്.
ഫെബ്രുവരി നാലാം തീയതി മുതലാണ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അവധിയില്‍ പ്രവേശിച്ചത്. ആരോഗ്യപരമായ പ്രശ്നങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ബെഹ്റ. ഇന്ന് ആശുപത്രി വിടുമെങ്കിലും കുറച്ച് ദിവസത്തേക്ക് കൂടി വിശ്രമം വേണമെന്ന കര്‍ശന നിര്‍ദ്ദേശം ഡോക്ടര്‍മാര്‍ നല്‍കിയിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് ഭരണ കാര്യങ്ങളുടെ ചുമതല താത്ക്കാലികമായി കൈമാറിയത്.
പൊലീസ് ആസ്ഥാനത്തെ എഡിജിപി ആനന്തകൃഷ്ണനാണ് അഡ്മിനിസ്ട്രേഷന്‍ ചുമതല. ഉത്തര മേഖലയിലെ ക്രമസമാധാന ചുമതല ഡിജിപി രാജേഷ് ദിവാനും ദക്ഷിണ കേരളത്തിന്റെ ചുമതല എഡിജിപി അനില്‍കാന്തിനും നല്‍കിയിട്ടുണ്ട്. നിലവില്‍ 15ആം തീയതി വരെയാണ് അവധിയെങ്കിലും നീട്ടാനാണ് സാധ്യത. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ചുമതലകള്‍ താത്ക്കാലികമായി കൈമാറിയത്.