ബസ് സമരം; ഗതാഗത മന്ത്രിയുമായി നാളെ ചര്‍ച്ച
നാളെ വൈകീട്ട് കോഴിക്കോട്ട് വെച്ചാണ് ചര്‍ച്ച
സമരം ചെയ്യുന്ന സ്വകാര്യ ബസ് ഉടമകളുമായി ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ നാളെ ചര്‍ച്ച നടത്തും,വൈകിട്ട് നാല് മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൌസില്‍ വെച്ചായിരിക്കും ചര്‍ച്ചകള്‍.സമരം നീണ്ടുപോയാലും മിനിമം ചാര്‍ജും,വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജും വര്‍ധിപ്പിക്കില്ലന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സര്‍ക്കാര്‍.
ബസ്സുടമകള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സമരം ചെയ്യുന്ന സ്വകാര്യ ബസ് ഉടമകളുമായി സര്‍ക്കാര്‍ വീണ്ടും ചര്‍ച്ച നടത്തുന്നത്.എട്ടു രൂപയില്‍ നിന്ന് മിനിമം ചാര്‍ജ് പത്തായി ഉയര്‍ത്തണമെന്ന ബസ്സുടമകളുടെ ആവശ്യം അംഗീകരിക്കില്ലന്ന നിലപാടായിരിക്കും ചര്‍ച്ചയില്‍ ഗതാഗമന്ത്രി എടുക്കുക. വിദ്യാര്‍ത്ഥി കണ്‍സഷന്റെ കാര്യത്തിലും മാറ്റം വരുത്താന്‍ തയ്യാറല്ലന്ന മുന്‍ നിലപാടില്‍ നാളെ നടക്കുന്ന ചര്‍ച്ചയിലും സര്‍ക്കാര്‍ ഉറച്ച് നില്‍ക്കും. വിദ്യാര്‍ത്ഥി കണ്‍സഷന്റെ കാര്യത്തിലെങ്കിലും വര്‍ദ്ധനവുണ്ടായാല്‍ സമരം അവസാനി പ്പിക്കാമെന്ന തീരുമാനത്തില്‍ ബസുടമകള്‍ എത്തിയിട്ടുണ്ട്. ഒപ്പം ഡീസല്‍ വില ഇനിയും വര്‍ദ്ധിച്ചാല്‍ മിനിമം ചാര്‍ജ് ഉയര്‍ത്താമെന്ന ഉറപ്പ് വേണമെന്നും ഉടമകള്‍ ആവശ്യപ്പെടുന്നു.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഏതെങ്കിലും തരത്തിലുള്ള ഉറപ്പ് നല്‍കുമോയെന്നാണ് ഇനി അറിയേണ്ടത്.ബസ്സുടമകള്‍ മന്ത്രിയെ കാണണമെന്ന് ഇങ്ങോട്ട് ആവശ്യപ്പെട്ടതുകൊണ്ട് അവരുടെ ഭാഗത്ത് നിന്ന് വിട്ടുവീഴ്ചകള്‍ ഉണ്ടാകുമെന്നും സര്‍ക്കാര്‍ കണക്ക് കൂട്ടുന്നുണ്ട്.